1
മുട്ടേൽ പാലം

 വർക്ക് ടെണ്ടർ ചെയ്തു 15 മാസം കൊണ്ട് പൂർത്തികരിക്കാൻ ലക്ഷ്യം

കായംകുളം: കായംകുളം - പുതുപ്പള്ളി റോഡിലെ അപകടാവസ്ഥയിലായ മുട്ടേൽ പാലം ഉടൻ പുതുക്കി പണിയും. ഇതിന്റെ ടെണ്ടർ നടപടികൾ പൂർത്തിയാക്കി ടെൻഡർ ചെയ്തു. 7.55 കോടി രൂപയാണ് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി അനുവദിച്ചത്. 15 മാസം കൊണ്ട് നിർമ്മാണം പൂർത്തികരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

പാലത്തിനും അപ്രോച്ച് റോഡിനും ആവശ്യമായ സ്ഥലം ഭൂവുടമകൾ മുൻകൂറായി വിട്ടു നൽകിയിരുന്നു. ബോ സ്ട്രിംഗ് ആർച്ച് ബ്രിഡ്ജ് എന്ന നവീന രീതിയിലാണ് പാലം രൂപകല്പന ചെയ്തിട്ടുള്ളത്.

ഇതിനോടനുബന്ധമായി സി.ആർ.എഫിൽ ഉൾപ്പെടുത്തി 11.44 കോടി രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന രണ്ട് വരി പാതയോട് കൂടിയ പുതിയിടം-ഗോവിന്ദമുട്ടം-ആലുംപീടിക-പ്രയാർ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിച്ചു. പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗത്തിനാണ് റോഡിന്റെ നിർമ്മാണച്ചുമതല.മഴക്കാലമായതോടെ മുട്ടേൽ പാലം കൂടുതൽ അപകടഭീഷണിയിലായിരുന്നു. ഇതു വഴി വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചിരുന്നെങ്കിലും മറ്റ് മാർഗങ്ങൾ ഇല്ലാത്തതിനാൽ ഇവയും പാലം വഴി കടത്തിവിടേണ്ടി വന്നു. പാലം ഏത് നിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിലായിരുന്നു

പുതിയിടം - ഗോവിന്ദമുട്ടം -പ്രയാർ - ആലുംപീടിക റോഡിന്റെ പുനർനിർമ്മാണം കഴിഞ്ഞ മാർച്ച് 17 ന് മന്ത്രി ജി. സുധാകരനാണ് ഉദ്ഘാടനം ചെയ്തത്. 12 കീലോമീറ്റർ ദൈർഘ്യമുള്ള റോഡ് ബി.എം ആന്റ് ബി.സി രീതിയിലാണ് നിർമ്മിയ്ക്കുന്നത്. രണ്ട് തവണ പാലത്തിനായി ബഡ്ജറ്റിൽ പണം നീക്കിവെച്ചിരുന്നു.

മുട്ടേൽ പാലം

 നീളം : 32 മീറ്റർ

 വീതി : 12 മീറ്റർ

 രണ്ട് വരി ഗതാഗതത്തിനാവ്യമായ 7.50 മീറ്റർ കാര്യേജ് വേയും

ഇരുവശങ്ങളിലും 1.5 മീറ്റർ വീതിയിലുളള നടപ്പാതയും ഉണ്ടാകും

 നിർമ്മാണത്തിന് അനുവദിച്ചത് : 7.55 കോടി

 അപ്രോച്ച് റോഡിലും പാലത്തിലും സൗരോർജ വിളക്കുകൾ സ്ഥാപിക്കും.