pkl-1
വൈക്കം നക്കന്തുരുത്തിൽ തഴപ്പായ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന അമ്മിണി, ഭാർഗവി, രമണി എന്നിവർ

പൂച്ചാക്കൽ : കൈതപ്പൂമണം നാട്ടുവഴി​കളി​ൽ നി​ന്നകന്നതോടെ തഴപ്പായ നി​ർമ്മാണം പ്രതി​സന്ധി​യി​ലായി​. പഴമയുടെ പര്യായമായ തഴപ്പായയ്ക്ക് ഇപ്പോഴും ആവശ്യക്കാർ ഒത്തി​രി​യുണ്ടെങ്കി​ലും കി​ട്ടാനി​ല്ലാത്ത സ്ഥി​തി​യാണ്. പായയുടെ നി​ർമ്മാണത്തി​നാവശ്യമായ കൈതയോലകൾ കി​ട്ടാത്തതാണ് തൊഴി​ലാളി​കൾ നേരി​ടുന്ന പ്രധാന പ്രശ്നം. കരവി​രുത് പ്രതി​ഫലി​ക്കുന്ന പായ നി​ർമ്മാണം അറി​യാവുന്നവരുടെ എണ്ണവും കുറഞ്ഞു.

കൈതയുടെ ഓല മുള്ള് കളഞ്ഞ് കീറിയെടുത്ത് ഉണക്കിയാണ് പായ നിർമാണത്തിന് ഉപയോഗിക്കുന്നത്. മുമ്പൊക്കെ നാട്ടി​ൻപുറങ്ങളി​ൽ കൈതകൾ സമൃദ്ധമായിരുന്നു. കൈതയും ഇവയുടെ നല്ല സുഗന്ധമുള്ള കൈതപ്പൂവുമൊക്കെ ഗ്രാമ സമൃദ്ധി​യുടെ ദൃശ്യങ്ങളി​ലൊന്നായി​രുന്നു. ഇപ്പോൾ കൈതക്കാടുകൾ അപൂർവ കാഴ്ചയാണ്. തഴയിൽ നിർമിച്ച കരകൗശല വസ്തുക്കൾ കേരളത്തിൽ എത്തുന്ന വിദേശ സഞ്ചാരികൾക്ക് ഇന്നും പ്രിയപ്പെട്ടതാണ്. എന്നാൽ പുതി​യ തലമുറയിലാരും തഴകൊണ്ടുള്ള നിർമാണം പഠി​ക്കാൻ ശ്രമിക്കാറേയി​ല്ല.

തഴയുടെ ലഭ്യത കുറഞ്ഞതോടെ പായുടെ വിലയും കൂടി.മുമ്പ് 50 രൂപയ്ക്ക് ലഭിച്ചിരുന്ന പായയ്ക്ക് ഇപ്പോൾ 220 മുതൽ 250 രൂപ വരെയാണ് വി​ല. തഴപ്പായ കിട്ടാതായതോടെ പലരും പ്ലാസ്റ്റിക് പായകളിലേക്ക് മാറി. പള്ളിപ്പെരുന്നാളി​നും ഉത്സവത്തി​നും മാത്രം കിട്ടുന്ന അപൂർവ വസ്തുവായി ഇന്ന് തഴപ്പായ മാറി. മുമ്പ് ഓരോ വീടുകളിലും ആവശ്യമുള്ള പായ വീടുകളിൽ തന്നെ നെയ്തെടുക്കുകയായിരുന്നു. അന്ന് സ്ത്രീകളുടെ പ്രധാന തൊഴിലും നേരംപോക്കുമായിരുന്നു പായ നെയ്ത്ത്. ഇന്ന് പായ നെയ്ത്തുകാര്‍ക്ക് അദ്ധ്വാനത്തിനനുസരിച്ച് പ്രതിഫലം ലഭിക്കുന്നില്ലെന്ന പരാതിയും ഉണ്ട്. ഇതിൽ നിന്നുള്ളതിനേക്കാൾ വരുമാനം മറ്റ് മേഖലകളിൽ നിന്ന് കിട്ടുമെന്നാണ് തൊഴിലാളികൾ പറയുന്നത്.

 തഴപ്പായയും വിരിപ്പായയും

കൈതയോലയുടെ മുള്ളുകള്‍ നീക്കി വെയിലത്ത് ഉണക്കിയാണ് തഴയാക്കുന്നത്. ഉണക്കിയെടുക്കുന്ന തഴ ചെറിയ കെട്ടുകളാക്കി മാറ്റും. ഇത് ചെറിയ വീതിയില്‍ കീറിയെടുത്താണ് പായ നിർമ്മാണത്തിന് ഉപയോഗി​ക്കുന്നത്. വൈക്കം നക്കന്തുരുത്ത്, ഉല്ലല, തലയോലപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമാണ് സംസ്ഥാനത്തിന്റെ മിക്ക സ്ഥലങ്ങളിലേക്കും തഴപ്പായ കയറ്റിപ്പോകുന്നത്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലും തഴപ്പായകൾ നെയ്തിരുന്നു. വലിയ തഴ ഉപയോഗിച്ച് വിരിപ്പായകളും ഉണ്ടാക്കാറുണ്ട്. നെല്ലുണക്കുന്നതിനാണ്ഇത്തരം പായകൾ ഉപയോഗിക്കുന്നത്. എന്നാല്‍ പ്ലാസ്റ്റിക് പടുതകൾ വന്നതോടെ വിരിപ്പായകൾക്ക് ആവശ്യക്കാർ കുറഞ്ഞു.

 മെത്തപ്പായ

വീതി കുറച്ച് കീറിയെടുക്കുന്ന ചെറിയ തഴ പുഴുങ്ങി ഉണക്കിയാണ് മെത്തപ്പായകൾ നെയ്യുന്നത്. ചെറിയ തഴയിട്ട് നെയ്യുന്ന മെത്തപ്പായകൾ ക്ക് ഇന്നും ആവശ്യക്കാരുണ്ട്. രണ്ട് പായകൾ കൂട്ടിച്ചേർത്താണ് മെത്തപ്പായ നെയ്യുന്നത്. ഇതിന് കൂടുതൽ വൈദഗ്ദ്ധ്യം ആവശ്യമുള്ളതിനാൽ സാധാരണ പായ നെയ്യുന്നവർ മെത്തപ്പായ നെയ്യാറില്ല. 600 രൂപയ്ക്ക് മുകളിലാണ് ഇതിന്റെ വില.