ചാരുംമൂട്: വിധവയായ വീട്ടമ്മയുടെ ഉപജീവന മാർഗ്ഗമായിരുന്ന സ്റ്റേഷനറി കട രാത്രിയുടെ മറവിൽ സാമൂഹ്യ വിരുദ്ധർ കത്തിച്ചു ചാമ്പലാക്കി. നൂറനാട് ഉളവുക്കാട് പി.എച്ച്.സി വാർഡിലെ നാലുമുക്ക് ജംഗ്ഷനു സമീപം 15 വർഷമായി പന്നിത്തടത്തിൽ സരോജനി (66) നടത്തിയിരുന്ന കടയ്ക്കാണ് കഴിഞ്ഞ ദിവസം തീയിട്ടത്.
ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ സരോജിനി പോയ ദിവസം രാത്രിയിലായിരുന്നു സംഭവം. കട കത്തിനശിച്ച വിവരം അയൽവാസിയാണ് ഫോൺ ചെയ്ത് അറിയിച്ചത്. പുലർച്ചെ രണ്ടു മണിയോടെ വൻ ശബ്ദം കേട്ട് ഉണർന്ന പ്രദേശവാസികൾ തീ അണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് പൊലീസിലും ഫയർഫോഴ്സിലും അറിയിക്കുകയായിരുന്നു. കായംകുളത്തു നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് തീ അണച്ചത്. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സരോജിനിയോട് ആർക്കും ശത്രുത ഇല്ലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. നൂറനാട് പോലീസ് കേസെടുത്തു.