തുറവുർ: തുറവൂർ മഹാക്ഷേത്രത്തിലെ ദീപാവലി ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന പ്രസാദ ഊട്ടിന് തിരക്കേറുന്നു. പതിനായിരക്കണക്കിന് ഭക്തരാണണ് അന്നദാനത്തിൽ പങ്കെടുക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് കീഴിലുള്ള ക്ഷേത്രങ്ങളിൽ നിത്യ അന്നദാനത്തിന് പേര് കേട്ടതാണ് തുറവൂർ മഹാക്ഷേത്രം: അഞ്ച് വർഷമായി ഊട്ടുപുരയിൽ അന്നദാനവിതരണം നടന്നു വരുന്നു. കൂടാതെ തുറവൂർ താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം നൽകുന്നു.
ഭക്തജനങ്ങളുടെ സഹകരണത്തോടെ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിലാണ് അന്നദാനം . ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഭാഗത്തെ ദേവസ്വം ഭൂമിയിൽ അതിവിശാലമായ പന്തലാണ് ഉത്സവ ദിനങ്ങളിൽ അന്നദാനത്തിനായി ഒരുക്കിയിട്ടുള്ളത്.കൊടിയേറ്റ് മുതൽ ആരംഭിച്ച മഹാ അന്നദാനം ഉത്സവം കൊടിയിറങ്ങുന്നതോടെ സമാപിക്കും. അന്നദാനത്തിനായുള്ള അരി, പച്ചക്കറി, പലവ്യജ്ഞനങ്ങൾ തുടങ്ങിയവ നിത്യേന ഭക്തർ തിരുനടകളിൽ സമർപ്പിക്കുന്നു. തിരുനല്ലൂർ നന്ദന വർമ്മയുടെ നേതൃത്വത്തിൽ 15ഓളം പേരാണ് വിഭവങ്ങൾ ഒരുക്കുന്നത്. തുറവൂർ.സ്റ്റാൻഡിലെ ഓട്ടോ,ടാക്സി ഡ്രൈവർമാരുൾപ്പെടെയാണ് ഭക്ഷണം വിളമ്പുന്നത്. പ്രധാന ഉത്സവ ദിനമായ ദീപാവലി നാളിൽ ഒരു ലക്ഷം പേർ ദർശനത്തിനെത്തുമെന്നാണ് പ്രതീക്ഷ. ക്ഷേത്രത്തിലെത്തുന്ന മുഴുവൻ ഭക്തർക്കും അന്നദാനം നടത്താനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ബി.സുധാകരമേനോൻ ,സെക്രട്ടറി ആർ.ജയേഷ് എന്നിവർ പറഞ്ഞു.