photo
അയാം ഫോർ ആലപ്പിയും ജില്ലയിലെ സാമൂഹ്യ വനവത്കരണ വിഭാഗവും ചേർന്ന് നടപ്പാക്കുന്ന ഹരിത പുനരധിവാസ പരിപാടിയുടെ ഉദ്ഘാടനം മന്ത്രി ഡോ. ടി.എം.തോമസ് ഐസക് മരം നട്ട് പുന്നമടയിൽ നിർവഹിക്കുന്നു

ആലപ്പുഴ: ജില്ലയിൽ മഹാപ്രളയത്തിൽ നഷ്ടമായ മരത്തണലുകൾ തിരികെക്കൊണ്ടുവരുന്നതിന് 'അയാം ഫോർ ആലപ്പിയും' ജില്ലയിലെ സാമൂഹ്യ വനവത്കരണ വിഭാഗവും ചേർന്ന് നടപ്പാക്കുന്ന ഹരിത പുനരധിവാസ പരിപാടിക്ക് ജില്ലാ തലത്തിൽ തുടക്കം കുറിച്ചു. പുന്നമട ഫിനിഷിംഗ് പോയിന്റിന് സമീപം പനീർ ചാമ്പയും വീട്ടി മരവും നട്ട് മന്ത്രി തോമസ് ഐസക് ഉദ്ഘാടനം നിർവഹിച്ചു.

പ്രളയം ബാധിച്ച പ്രദേശങ്ങളിലാണ് സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മരങ്ങൾ കൂടുതലായി വച്ചുപിടിപ്പിക്കുക. ഈ മാസം മുതൽ മുതൽ അടുത്ത ജൂലായ് വരെയുള്ള കാലയളവിൽ നാലുലക്ഷത്തോളം മരങ്ങൾ വച്ചുപിടിപ്പിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. കുട്ടനാട്ടിൽ പുവരശ്, മാവ്, പ്ലാവ് എന്നിവയ്ക്ക് പ്രധാന്യം നൽകണമെന്ന് മന്ത്രി നിർദ്ദേശിച്ചു. അയാം ഫോർ ആലപ്പി പദ്ധതിയ്ക്ക് ചുക്കാൻ പിടിക്കുന്ന സബ്കളക്ടർ വി.ആർ. കൃഷ്ണതേജ, സാമൂഹ്യ വനവത്കരണ വിഭാഗം അസിസ്‌റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ സുമി ജോസഫ്, റേഞ്ച് ഓഫീസർ ടി.സേവ്യർ തുടങ്ങിയവർ പങ്കെടുത്തു.