ആലപ്പുഴ: കഴിഞ്ഞ ഏതാനും മാസത്തിനിടെ കടലാസ് വില 25 ശതമാനത്തോളം വർദ്ധിച്ചതോടെ ജില്ലയിൽ വൻകിട-ചെറുകിട പ്രിന്റിംഗ് പ്രസുകളുടെ പ്രവർത്തനം അവതാളത്തിലായി. കിലോയ്ക്ക് 60 രൂപയായിരുന്ന പേപ്പർ വില ഇപ്പോൾ 75ഉം കടന്നു. കടലാസും മഷിയും കെമിക്കലുകളും ഉൾപ്പടെ അസംസ്കൃത വസ്തുക്കളുടെ വിലവർദ്ധനയും ക്ഷാമവും പ്രിന്റിംഗ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
സാധാരണ ഫോട്ടോ സ്റ്റാറ്റിന് ഉപയോഗിക്കുന്ന 65, 70, 75, 80 ജി.എസ്.എമ്മുള്ള 500 എണ്ണമുള്ള എ- 4 കോപ്പിയർ പേപ്പറുകൾക്ക് 155 രൂപയായിരുന്നത് 180 രൂപയിലെത്തി. ആർട്ട് പേപ്പർ കിലോയ്ക്ക് 52 രൂപയായിരുന്നത് 80 ൽ എത്തി. ബിൽബുക്കുകൾക്ക് ഉപയോഗിക്കുന്ന കളർ പേപ്പറുകൾക്ക് വലിയ ക്ഷാമം നേരിടുന്നു. മുൻപ് 480 ഷീറ്റുകളുള്ള ഒരു റീമിന് 480 രൂപയായിരുന്നത് 600ൽ എത്തി.
പ്രളയം ജില്ലയിലെ നിരവധി അച്ചടി സ്ഥാപനങ്ങളെ സാരമായി ബാധിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. പ്രളയത്തിൽ നശിച്ച പല പ്രിന്റിംഗ് പ്രസുകളും ഇനിയും പ്രവർത്തന ക്ഷമമായിട്ടില്ല.
സംസ്ഥാനത്ത് കടലാസ് ഉത്പാദനം നാമമാത്രമാണ്. പുനലൂർ പേപ്പർ മില്ലിൽ മാത്രമാണ് ഉത്പാദനം നടക്കുന്നത്. മുളയും യൂക്കാലിപ്ടസും ഉൾപ്പെടെ പൾപ്പ് നിർമ്മാണത്തിനു ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത ഗണ്യമായി കുറഞ്ഞതോടെ സംസ്ഥാനത്തെ സ്വകാര്യ പേപ്പർ മില്ലുകളിൽ മിക്കവയും പൂട്ടി. അച്ചടിശാലകൾ കടലാസിന് ഇതര സംസ്ഥാന മില്ലുകളെയാണ് ആശ്രയിക്കുന്നത്. ഉത്പാദനച്ചെലവ് കൂടിയെന്ന ന്യായം പറഞ്ഞാണ് ഇവർ പേപ്പറിന്റെ വില വർദ്ധിപ്പിച്ചിരിക്കുന്നത്.
................................................
'' ദീർഘ നാളത്തേക്ക് അച്ചടി ജോലികൾ കരാർ എടുത്തിരിക്കുന്ന സ്ഥാപനങ്ങൾക്ക് വിലക്കയറ്റം വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും. പല സ്ഥാപനങ്ങളും സാമ്പത്തിക നഷ്ടത്തെത്തുടർന്ന് പൂട്ടേണ്ടി വന്നിട്ടുണ്ട്. ഇൗ മേഖലയിൽ ജോലി ചെയ്യുന്നവരുടെ തൊഴിൽ സംരക്ഷിക്കാനും ജീവിതമാർഗം തുടരാനും ആവശ്യമായ നടപടിയെടുക്കണം''
(മാത്യൂ കുറച്ചേരിൽ, ജില്ലാ പ്രസിഡന്റ്, പ്രിന്റേഴ്സ് അസോസിയേഷൻ )
...................................................
''പേപ്പറുകളുടെ വിലവർദ്ധന പ്രസ് ഉടമകളെ മാത്രമല്ല, ഇൗ മേഖലയിൽ തൊഴിൽ ചെയ്യുന്ന നിരവധി തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും നേരിട്ട് ബാധിക്കുന്നു. മുൻകൂട്ടി എടുത്ത പ്രിന്റിംഗ് ജോലികൾ വലിയ നഷ്ടം സഹിച്ചാണ് ഇപ്പോൾ ചെയ്തുകൊടുക്കുന്നത്''
(നസീർ അബ്ദുൾ സലാം, ജില്ലാ സെക്രട്ടറി, പ്രിന്റേഴ്സ് അസോസിയേഷൻ)