പ്രദേശമാകെ ദുർഗന്ധം വമിക്കുന്നു
ആലപ്പുഴ: നഗരത്തിലെ കരളകം വാർഡിലുള്ള കരളകം പാടശേഖരത്തിൽ ഇരുളിന്റെ മറവിൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ നാട്ടുകാരും പൊലീസും ജാഗ്രതയോടെ രംഗത്തുണ്ടെങ്കിലും വിജയിക്കുന്നില്ല. ആകെ ചീഞ്ഞുനാറി ദുർഗന്ധം നിറഞ്ഞുനിൽക്കുകയാണ് പ്രദേശം മുഴുവനും.
ഒരേവിധമുള്ള കറുത്ത പ്ളാസ്റ്റിക് ചാക്കുകളിലാണ് മാലിന്യ നിക്ഷേപം നടക്കുന്നത്. ഇവിടെ പൊലീസ് രാത്രികാല പെട്രോളിംഗ് നടത്താറുണ്ടെങ്കിലും പ്രയോജനമില്ലെന്ന് നാട്ടുകാർ പറയുന്നു. ഇറച്ചി മാലിന്യങ്ങൾ ഉൾപ്പെടെ ഉള്ളതിനാൽ മൂക്കുപൊത്താതെ വഴിനടക്കാനാവാത്ത അവസ്ഥയായി. ഇൗച്ചകളുടെ ശല്യം കാരണം വീടുകളിൽ പാചകം ചെയ്യാൻ പോലുമാവാത്ത ഗതികേട്. കുട്ടികളെ സാംക്രമിക രോഗങ്ങൾ പിടികൂടുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
മാലിന്യം തള്ളുന്ന സംഘത്തെ ഒരുതവണ നാട്ടുകാർ കൈയോടെ പിടികൂടിയെങ്കിലും ത്ള്ളലിന് കുറവൊന്നും ഉണ്ടായിട്ടില്ല. പ്രദേശത്ത് കാമറകൾ സ്ഥാപിച്ച് മാലിന്യ നിക്ഷേപകരെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നഗരസഭയിലെ ആരോഗ്യ വിഭാഗത്തിന് പ്രത്യേക സ്ക്വാഡ് ഉണ്ട്. പാടത്ത് കുമിഞ്ഞു കൂടുന്ന മാലിന്യം നഗരസഭ നീക്കുന്നുണ്ടെങ്കിലും നാൾക്കുനാൾ പതിൻമടങ്ങാവുകയാണ് മാലിന്യ നിക്ഷേപം.
....................................
'' പാതിരാത്രിയിലും പുലർച്ചെയുമാണ് മാലിന്യം നിക്ഷേപിക്കുന്നത്. പലതവണ ശ്രമിച്ചെങ്കിലും ഇവരെ പിടികൂടാനാവുന്നില്ല. പൊലീസ് കുറച്ചുകൂടി ജാഗ്രത കാട്ടണം''
(ആർ.ആർ.ജോഷിരാജ്, കരളകം വാർഡ് കൗൺസിലർ)