വിശ്രമകേന്ദ്രം അടുത്തമാസം പൊതുജനങ്ങളിലേക്ക്
ചേർത്തല: പ്രളയം മൂലം പൂർത്തീകരണം വൈകിയെങ്കിലും ചേർത്തല ബോട്ട് ജെട്ടിയിൽ നിർമ്മാണം അന്തിമ ഘട്ടത്തിലെത്തിയ നിർദ്ദിഷ്ട വിശ്രമകേന്ദ്രം നഗരത്തിലെ ശ്രദ്ധേയ ഇടമായി മാറും. നഗര സൗന്ദര്യ വത്കരണത്തിന്റെ ഭാഗമായി സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി പി. തിലോത്തമന്റെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 30 ലക്ഷം വിനിയോഗിച്ചാണ് വിശ്രമകേന്ദ്രം തയ്യാറാക്കുന്നത്. കഴിഞ്ഞ ഓണത്തിന് ഉദ്ഘാടനം പ്രതീക്ഷിച്ചിരുന്നുവെങ്കിലും പ്രളയവും മറ്റ് ചില സാങ്കേതിക വിഷയങ്ങളും വിലങ്ങുതടിയായപ്പോൾ കുറച്ചുകൂടി നീട്ടിവയ്ക്കുകയായിരുന്നു. ഡിസംബർ പകുതിയോടെ ഇവിടെ വിശ്രമിക്കാനായി ആളുകളെ ക്ഷണിക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ബോട്ട് ജെട്ടിയുടെ വശങ്ങളിലും മുന്നിലും കൈവരികൾ നിർമ്മിച്ച് പെയിന്റ് ചെയ്തു. കോൺക്രീറ്റ് നടപ്പാതയ്ക്കു മുകളിൽ ടൈൽ പാകിയ ശേഷമാണ് വിശ്രമ കേന്ദ്രത്തിന്റെ നിർമ്മാണം ആരംഭിച്ചത്. മേൽക്കൂര നിർമ്മിച്ച് ഇരിപ്പിടങ്ങളും സ്ഥാപിച്ചു കഴിഞ്ഞു. ജെട്ടിയുടെ കിഴക്ക് ഭാഗത്ത് അഞ്ചും പടിഞ്ഞാറ് നാലും മേൽക്കൂരകളാണ് നിർമ്മിച്ചത്. കോഫി ഷോപ്പ്, ടോയ് ലറ്റ് സംവിധാനങ്ങളും ഒരുങ്ങി. കുട്ടികൾക്കായി ഒരു പാർക്കും തയ്യാറാക്കുന്നുണ്ട്. നാല് പെഡൽ ബോട്ടുകളാണ് ഏർപ്പെടുത്തുന്നത്. അനുവദിച്ച തുക ഉപയോഗിച്ച് നിർമ്മാണ ജോലികൾ പൂർത്തിയാക്കിയെങ്കിലും പെഡൽ ബോട്ട് വാങ്ങാനും കനാലിന് ആഴം കൂട്ടാനുമായി അധിക തുക അനുവദിക്കാമെന്ന് മന്ത്രി ഉറപ്പു നൽകിയതായി മേജർ ഇറിഗേഷൻ അസി.എക്സിക്യുട്ടീവ് എൻജിനിയർ സജീവ് കുമാർ പറഞ്ഞു.
സഞ്ചാരികൾക്ക് ഏറെയിഷ്ടം
വേമ്പനാട് കായലിന്റെ ഭാഗമായ വയലാർ കുറിയ മുട്ടം കായലും ചെങ്ങണ്ട ആറും സംഗമിക്കുന്ന ചേർത്തലയ്ക്ക് ടൂറിസം ഭൂപടത്തിൽ വ്യക്തമായ സ്ഥാനമുണ്ട്. രാജഭരണകാലത്ത് കൊച്ചിയേയും കോട്ടയത്തേയും (വൈക്കം) ജലഗതാഗത മാർഗത്തിലൂടെ ചേർത്തലയുമായി ബന്ധിപ്പിച്ചിരുന്ന പ്രധാന കേന്ദ്രമായിരുന്നു ചേർത്തല ബോട്ട്ജെട്ടി. പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസും സമീപത്തുണ്ട്.
...........................................
നാല് പെഡൽ ബോട്ടുകൾ
കുട്ടികൾക്കായി പാർക്ക്
കോഫി ഷോപ്പ്, ടോയ് ലറ്റ്
മനോഹരമായ നടപ്പാതകൾ
...................................................
''ചേർത്തല-തണ്ണീർമുക്കം റോഡിന്റെയും നഗരത്തിൽ നിർമ്മാണം അവസാന ഘട്ടത്തിലായ 12 റോഡുകളുടെയും ബോട്ട് ജെട്ടിയിലെ വിശ്രമ കേന്ദ്രത്തിന്റെയും ഉദ്ഘാടനം ഒന്നിച്ച് നടത്താനാണ് ആലോചിക്കുന്നത്. ഇതിനായി ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഒപ്പം എ-എസ് കനാലിന്റെ ആഴം കൂട്ടി ശുദ്ധീകരിക്കുന്ന ജോലികളും ആരംഭിച്ചിട്ടുണ്ട്. ചേർത്തലയെ കേരളത്തിലെ മനോഹരമായ നഗരങ്ങളിലൊന്നാക്കി ഉയർത്തുകയാണ് ലക്ഷ്യം''
(മന്ത്രി പി. തിലോത്തമൻ)