manapra
കുണ്ടും കുഴിയുമായി കിടക്കുന്ന മണപ്രാ-വൈശ്യംഭാഗം റോഡ്.

 വല്ലാത്ത ഗതികേടിൽ മണപ്ര-വൈശ്യംഭാഗം റോഡ്

കുട്ടനാട്: അറ്റകുറ്റപ്പണി അടുത്തെത്തുമ്പോൾ പണമില്ലെന്നതാണ് നാട്ടിലെ പല റോഡുകളും നേരിടുന്ന ദുരവസ്ഥ. എന്നാൽ പണം അനുവദിക്കപ്പെട്ടിട്ടും 'തലവര' ക്ളിയർ ആകുന്നില്ലെന്നതാണ് നെടുമുടി പഞ്ചായത്തിലെ മണപ്ര-വൈശ്യംഭാഗം റോഡിന്റെ ഗതികേട്.

നാട്ടുകാരുടെ നിരന്തര പരാതിയെത്തുടർന്ന് തോമസ് ചാണ്ടി എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാനായി 30 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ ഒരു വർഷത്തിലേറെയായിട്ടും ടെൻഡർ നടപടികൾ പോലും പൂർത്തിയാക്കാനായില്ല. മൂന്നര പതിറ്റാണ്ടിലേറെ പഴക്കമുള്ള റോഡിന് ശാപമോക്ഷം കിട്ടാനായി ഗ്രാമീൺ സഡക് യോജനയിൽ ഉൾപ്പെടുത്തി 2004ൽ നിർമ്മാണ പ്രവർത്തനം തുടങ്ങി 2010ൽ പൂർത്തിയാക്കിയിരുന്നു. പിന്നീട് യാതൊരു അറ്റകുറ്റപ്പണികളും നടക്കാതെ വന്നതോടെയാണ് നിലവിൽ കാൽനടയാത്രപോലും അന്യമായത്. എം.എൽ.എ ഫണ്ട് അനുവദിച്ചതോടെ പ്രതീക്ഷയുണ്ടായെങ്കിലും എല്ലാം അസ്ഥാനത്തായി.

ആട്ടോറിക്ഷകൾ പോലും റോഡിന് 'അയിത്തം' കൽപ്പിച്ചതിനാൽ അത്യാവശ്യ ഘട്ടങ്ങളിൽ ഏറെ വലയുകയാണ് പ്രദേശവാസികൾ. എത്രയും പെട്ടന്ന് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 ആർക്കും വേണ്ട!

മൂന്നര കിലോമീറ്ററോളമുള്ള റോഡിന്റെ പുനർ നിർമ്മാണത്തിന് പൊതുമരാമത്ത് വകുപ്പ് അധികൃതർ ഒരുതവണ ടെൻഡർ വിളിച്ചെങ്കിലും കരാറുകാർ ആരും അടുത്തില്ല. 30 ലക്ഷം രൂപകൊണ്ട് റോഡ് തീർക്കാനാവില്ലെന്നാണ് കരാറുകാരുടെ നിലപാട്.