അയൽവാസി വഴി അടച്ചു കെട്ടി
പൂച്ചാക്കൽ: അയൽവാസി വഴി അടച്ചു കെട്ടിയതിനെ തുടർന്ന് ആകെ കുടുങ്ങിയിരിക്കുകയാണ് പാണാവള്ളി പഞ്ചായത്ത് 16-ാം വാർഡ് കിഴക്കേക്കളത്തിൽ വീട്ടിൽ പാർവ്വതി (62). വിധവയും ഹൃദ്‌രോഗിയുമായ പാർവ്വതി ഇടിഞ്ഞു വീഴാറായ ഷെഡിൽ ഒറ്റയ്ക്കാണ് താമസം.
ഭർത്താവ് മണി 20 വർഷം മുൻപ് മരണത്തിന് കീഴടങ്ങി. മൂന്ന് പെൺമക്കളെയും വിവാഹം ചെയ്തയച്ചതോടെ ഏകാന്ത ജീവിതം തുടങ്ങിയിട്ട് വർഷങ്ങളായി. വീട്ടിലേക്കുള്ള വഴിക്ക് വേണ്ടി വാങ്ങിയ സ്ഥലത്തിന്റെ അരികിൽകൂടി റോഡ് വന്നെങ്കിലും റോഡിലേക്ക് ഇറങ്ങാൻ പറ്റാത്തവിധം അയൽവാസി വേലി കെട്ടി അടച്ചിരിക്കുകയാണ്. ഇതിനെതിരെ ആലപ്പുഴ ആർ.ഡി.ഒ അടക്കമുള്ള വിവിധ തലങ്ങളിൽ പരാതി നൽകിയെങ്കിലും നടപടിയൊന്നും ആയിട്ടില്ല.
ചേർത്തല കോടതിയിലെ നിയമസഹായ കേന്ദ്രം വഴിയും പരാതി നൽകി. എന്നാൽ എതിർകക്ഷി ഒത്തുതീർപ്പിന് തയ്യാറാകുന്നില്ല. ഹൃദ്‌രോഗിയായ പാർവ്വതിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും പ്രയാസപ്പെടുകയാണെന്ന് ബന്ധുക്കൾ പറയുന്നു. ലൈഫ് പദ്ധതിയിൽ പാർവ്വതിക്ക് വീട് അനുവദിച്ചിട്ടുണ്ട്. എന്നാൽ നിർമാണ സാമഗ്രികൾ എത്തിക്കാൻ വഴിയില്ലാത്തതിനാൽ അതും മുടങ്ങിയിരിക്കുകയാണ്. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ പറമ്പിനു സമീപം വരെ എത്തിയിട്ടുണ്ടെങ്കിലും വീട്ടിലേക്ക് പൈപ്പ് വലിക്കുന്നതും അയൽവാസി തടസപ്പെടുത്തുകയാണെന്ന് പാർവ്വതി പറയുന്നു. വഴിയും കുടിവെള്ളവും ലഭ്യമാക്കാൻ സഹായിക്കണമെന്ന അഭ്യർത്ഥനയാണ് വൃദ്ധയായ ഈ വീട്ടമ്മയ്ക്കുള്ളത്.