ആലപ്പുഴ: പുന്നമടയിൽ ആരവമുയരാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ സാമ്പത്തിക പ്രതിസന്ധി ക്ളബ്ബുകളെ തിരിഞ്ഞുകൊത്തുന്നു. ഇല്ലത്തുനിന്ന് ഇറങ്ങുകയും ചെയ്തു, അമ്മാത്ത് എത്തിയതുമില്ല എന്ന അവസ്ഥയിലാണ് ഭൂരിഭാഗം ക്ളബ്ബുകളും. തുഴച്ചിൽക്കാരെ കണ്ടെത്താൻ വീടുവീടാന്തരം കയറിയിറങ്ങേണ്ട ഗതികേടുമുണ്ട് പലർക്കും. എങ്കിലും കളിയുടെ ചാരുത ചോരാതെ, ആവേശം അടങ്ങാതെ അവസാന നിമിഷം വരെ പോരാടാനുള്ള തയ്യാറെടുപ്പിലാണ് പരിമിതികൾക്കുള്ളിൽപ്പോലും ക്ളബ്ബുകൾ.

 കമന്ററി മത്സരം നാളെ

ജലോത്സവത്തിന് മുന്നോടിയായി ഹയർസെക്കൻഡറി, കോളേജ് വിദ്യാർത്ഥികൾക്കായി നാളെ രാവിലെ 10.30ന് മുല്ലയ്ക്കൽ പഴവങ്ങാടി ജംഗ്ഷനിലുള്ള ജുവൽ ഹാളിൽ വള്ളംകളി കമന്ററി മത്സരം നടക്കും. അഞ്ചുമിനുട്ടിൽ മലയാളത്തിലാണ് വിവരണം നൽകേണ്ടത്.

 പകൽ വീട്ടിൽ നിന്ന് 20 പേർ

മുതിർന്ന പൗരന്മാർക്ക് സൗകര്യങ്ങളോടെ വള്ളംകളി കാണാൻ ജില്ല ഭരണകൂടവും വിദ്യാഭ്യാസ വകുപ്പിന്റെ അസാപ്പും ചേർന്ന് അവസരമൊരുക്കും. തമ്പകച്ചുവട് പകൽ വീട്ടിലെ 20 മുതിർന്ന പൗരന്മാരെ സബ് കളക്ടർ വി.ആർ. കൃഷ്ണ തേജ നേരിട്ട് ക്ഷണിച്ചിട്ടുണ്ട്.

 തിരിച്ചറിയൽ കാർഡ് വിതരണം

ചുണ്ടൻവളളങ്ങളിലെ തുഴച്ചിൽക്കാർക്കുളള തിരിച്ചറിയൽ കാർഡ് നാളെ രാവിലെ 11 മുതൽ ആലപ്പുഴ ബോട്ട് ജെട്ടിക്ക് എതിർ വശത്തുളള മിനി സിവിൽ സ്റ്റേഷൻ അനക്‌സിലെ രണ്ടാം നിലയിലുളള ഇറിഗേഷൻ ഡിവിഷൻ എക്‌സിക്യുട്ടീവ് എൻജിനീയറുടെ ഓഫീസിൽ വിതരണം ചെയ്യും.

............................................................

# ക്രമീകരണങ്ങൾ

 2,500 ഓളം പൊലീസുകാർ

 നഗരം സി.സി.ടി.വി നിരീക്ഷണത്തിൽ

 സുസജ്ജമായി ഡോക്ടർമാരുടെ സംഘം

 നീന്തൽ വിദഗ്ദ്ധരുടെ സേവനം

 മുതിർന്നവർക്കായി ചുവപ്പണിഞ്ഞ വോളണ്ടിയർമാർ

 ഭിന്നശേഷിക്കാർക്കായി നീല ടീ ഷർട്ടുകാർ

 സ്ത്രീകൾക്കും കുട്ടികൾക്കും മഞ്ഞ ടീ ഷർട്ടുകാർ

 എല്ലാവർക്കുമായി കറുപ്പ് ടീ ഷർട്ടുകാർ

 പരിസ്ഥിതി സംരക്ഷണത്തിന് പച്ച ടീ ഷർട്ടുകാർ

...........................................