tkm
തണ്ണീർമുക്കം പഞ്ചായത്തിൽ ദുരന്ത നിവാരണ സേനാംഗങ്ങൾക്കായി നടത്തിയ ശിൽപ്പശാല കളക്ടർ എസ്.സുഹാസ് ഉദ്ഘാടനം ചെയ്യുന്നു. അഡ്വ.പി.എസ്.ജ്യോതിസ്, രേഷ്മരംഗനാഥ്, സുധർമ്മ സന്തോഷ്,ബിനിത മനോജ് എന്നിവർ സമീപം

ചേർത്തല: പ്രളയം പകർന്നു നൽകിയ പാഠം ഉൾക്കൊണ്ട് തണ്ണീർമുക്കത്ത് ദുരന്ത നിവാരണ സേന രൂപീകരിച്ചു. 23 വാർഡുകളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട നൂറ് യുവാക്കൾക്ക് ഏഴ് ദിവസത്തെ പരിശീലനമാണ് നൽകിയത്. ഏത് ദുരന്ത മുഖത്തും രക്ഷാപ്രവർത്തനം സാദ്ധ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഇതോടനുബന്ധിച്ച് വാർത്താവിനിമയ സംവിധാനം മെച്ചപ്പെടുത്താനും പരിശീലനത്തിനുമായി പഞ്ചായത്ത് തലത്തിൽ ഹാം റേഡിയോ ക്ലബ്ബും തുടങ്ങും. 500 അംഗങ്ങളെയാണ് സേനയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുള്ളത്. ആരോഗ്യ-വിദ്യാഭ്യാസ- കാർഷിക- മത്സ്യബന്ധന- പൊലീസ് വകുപ്പുകളുടെ സഹകരണത്തോടെ പദ്ധതി പഞ്ചായത്തിൽ പ്രാവർത്തികമാക്കുന്നതോടൊപ്പം സംസ്ഥാനത്ത് ഉണ്ടാകുന്ന ഏത് ദുരന്തത്തിലും സാഹായങ്ങളുമായി സേനാംഗങ്ങളെ രംഗത്തിറക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്.ജ്യോതിസ് പറഞ്ഞു. കളക്ടറുടെ സാന്നിദ്ധ്യത്തിൽ പ്രത്യേക പഞ്ചായത്ത് കമ്മിറ്റി വിളിച്ച് ഒൗദ്യോഗിക പ്രഖ്യാപനം നടത്തും.

സേനാംഗങ്ങൾക്കായി തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയവുമായി ചേർന്ന് സംഘടിപ്പിച്ച ശിൽപ്പശാല കളക്ടർ എസ്.സുഹാസ് ഉദ്ഘാടനം ചെയ്തു. അഡ്വ.പി.എസ്.ജ്യോതിസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി സാജുമോൻ പത്രോസ് പദ്ധതി വിശദീകരിച്ചു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാമധു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേഷ്മരംഗനാഥ്, സുധർമ്മ സന്തോഷ്, ബിനിത മനോജ്,കെ.ജെ.സെബാസ്​റ്റ്യൻ, സനൽനാഥ് കൊച്ചുകരി, ടി.എസ്. ഷൈലേഷ്, ജില്ലാശുചിത്വ മിഷൻ കോ-ഓർഡിനേ​റ്റർ വേണുഗോപാൽ, ഫീൽഡ് എക്‌സിബിഷൻ ഓഫീസർ എൽ.സി. പൊന്നുമോൻ എന്നിവർ സംസാരിച്ചു. രമ മദനൻ സ്വാഗതവും ജയശ്രീ നായ്ക് നന്ദിയും പറഞ്ഞു.