മാവേലിക്കര: അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന വില്ലുവണ്ടി യാത്രാ വിപ്ലവത്തിന്റെ 125-ാം വാര്‍ഷികം കെ.പി.എം.എസ് മാവേലിക്കര, തഴക്കര യൂണിയനുകളുടെ നേതൃത്വത്തിൽ ആഘോഷിച്ചു.
മാവേലിക്കര യൂണിയൻ സംഘടിപ്പിച്ച സാംസ്കാരിക ഘോഷയാത്ര തട്ടാരമ്പലത്ത് നിന്നാരംഭിച്ചു. ഘോഷയാത്രയ്ക്ക് മുന്നിലായി വില്ലുവണ്ടി സമരത്തെ അനുസ്മരിപ്പിച്ച് അയ്യങ്കാളിയുടെ വേഷധാരി രണ്ട് കാളകളെ പൂട്ടിയ വണ്ടിയിൽ സഞ്ചരിച്ചു. അമ്മൻകുടം, കോൽകളി, നാടൻപാട്ട് തുടങ്ങിയ കലാരൂപങ്ങളും ഘോഷയാത്രയിൽ അണിനിരന്നു. കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ നടന്ന സാംസ്കാരിക സമ്മേളനം ആർ.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എം.കെ. ഓമനക്കുട്ടൻ അദ്ധ്യക്ഷനായി. കെ.ജെ. ഉണ്ണിദാസ് പതാക ഉയർത്തി. കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റിയംഗം എ.ഓമനക്കുട്ടൻ സഭാസന്ദേശം നൽകി. ലിബിൻ തത്തപ്പള്ളി, കെ.ഗോപൻ, എസ്.രാജേഷ്, ടി.അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു. ആർ.സുരേഷ് സ്വാഗതം പറഞ്ഞു.
തഴക്കര യൂണിയന്റെ നേതൃത്വത്തിലുള്ള സാംസ്കാരിക ഘോഷയാത്ര കുന്നം ഗ്ലാസ് ഫാക്ടറി ജംഗ്ഷനിൽ നിന്നാരംഭിച്ചു. മാങ്കാംകുഴി ജംഗ്ഷനിൽ ചേർന്ന സാംസ്കാരിക സമ്മേളനം തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ അംഗം കെ.രാഘവൻ ഉദ്ഘാടനം ചെയ്തു. അഡ്വ.മാത്യു വേളങ്ങാടൻ മുഖ്യപ്രഭാഷണം നടത്തി. കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റിയംഗം ബിനു കല്ലുമല സഭാസന്ദേശം നൽകി.