ഹരിപ്പാട് : ആലപ്പുഴ സബ് കളക്ടർ കൃഷ്ണ തേജ മുൻകൈ എടുത്ത് ക്ഷീരമേഖലയിലെ പ്രളയ ദുരിതാശ്വാസ സമിതിയുടെ സഹകരണത്തോടെ പ്രളയബാധിതരായ ക്ഷീരകർഷകർക്ക് പശുക്കളെ ദാനം ചെയ്യുന്ന 'അയാം ഫോർ ആലപ്പി- ഡൊണേറ്റ് എ കാറ്റിൽ' പദ്ധതി പ്രകാരം ഹരിപ്പാട് ബ്ലോക്കിലെ പള്ളിപ്പാട് വെസ്റ്റ് ക്ഷീരസംഘത്തിൽ ആറ് ക്ഷീര കർഷകർക്ക് പശുക്കുട്ടികളെ നൽകി. തിരുവല്ല ശ്രീരാമകൃഷ്ണാശ്രമം സ്വാമി നിർവ്വിണാനന്ദ ഉദ്ഘാടനം നിർവ്വഹിച്ചു. ആന്ധ്രപ്രദേശ് അനന്തപൂർ റൂറൽ ഡവലപ്മെന്റ് ട്രസ്റ്റ് സംഭാവനയായി നൽകിയ 40 പശുക്കളിൽ ഉൾപ്പെട്ട കുട്ടികളെയാണ് വിതരണം ചെയ്തത്.

ചടങ്ങിൽ പ്രളയദുരിതാശ്വാസ സമിതി ചെയർമാൻ വി.ധ്യാനസുതൻ, ഗ്രാമപഞ്ചായത്തംഗം കീച്ചേരി ശ്രീകുമാർ, ക്ഷീര വികസന വകുപ്പ് നോഡൽ ഓഫീസർ ആർ.അനീഷ് കുമാർ, ഡോ.ഹേമനായർ, ക്ഷീര വികസന ഓഫീസർ അനിൽ കുമാർ, ക്ഷീര വികസന ഉദ്യോഗസ്ഥരായ സി.ഡി. ശ്രീലേഖ, വി.ആർ.അശ്വതി, എസ്.ഗീത, സംഘം പ്രസിഡന്റുമാരായ വി. രാധാകൃഷ്ണൻ നായർ, ഹരിദാസ്‌ തുടങ്ങിയവർ പങ്കെടുത്തു. പി.കെ.കുഞ്ഞുമോൻ, മോഹനചന്ദ്രൻ നായർ, ഉമ്മർ കുഞ്ഞ്, ഓമനക്കുട്ടൻ, ആനന്ദൻ, മണിയൻ എന്നീ ക്ഷീര കർഷകർക്കാണ് പശുക്കളെ നൽകിയത്.