chudann
ചമ്പക്കുളം ചുണ്ടൻ പരിശീലന തുഴച്ചിലിൽ

ആലപ്പുഴ: പരിശീലനത്തുഴച്ചിൽ വെട്ടിക്കുറച്ചും തുഴച്ചിൽക്കാരുടെ കൂലി കുറച്ചും നെഹ്രുട്രോഫിയുടെ അവസാനവട്ട ഒരുക്കത്തിലാണ് ക്ളബ്ബുകൾ. സാഹചര്യം ബോദ്ധ്യമായതോടെ ക്യാപ്ടൻമാരുമായും സംഘാടകരുമായും തുറന്ന മനസോടെ സഹകരിക്കാൻ തുഴച്ചിൽക്കാരും തയ്യാറാണിവിടെ, പുന്നമടയിൽ.

ഒരുതവണ പരിശീലനത്തുഴച്ചിൽ നടത്താൻ ഒന്നര ലക്ഷം രൂപയെങ്കിലും വേണ്ടിവരും. ചെലവ് പരമാവധി ചുരുക്കിയാണ് ഓരോ ദിവസവും തള്ളിവിടുന്നത്. എന്നാൽ കരുത്ത് ആവാഹിക്കാനുള്ള തന്ത്രങ്ങൾ അത്രകണ്ട് കുറച്ചിട്ടുമില്ല.

ആഗസ്റ്റ് രണ്ടാം ശനിയിലേക്ക് 15 ട്രയൽ എടുത്ത വള്ളങ്ങൾക്ക് മൂന്നോ നാലോ ട്രയൽ മാത്രമേ നവംബറിലെ രണ്ടാംശനി മുൻനിറുത്തി ചെയ്യാൻ കഴിഞ്ഞിട്ടുള്ളൂ. കഴിഞ്ഞ വർഷം ആദ്യ നാല് സ്ഥാനങ്ങളിൽ എത്തിയ വള്ളങ്ങളും നിലവിൽ സാമ്പത്തിക പ്രതിസന്ധിയിലാണ്.

കുട്ടനാട്ടിലെ തുഴക്കാർ തങ്ങൾക്ക് ലഭിക്കുന്ന കൂലി കുറച്ചാണ് ക്ലബ്ബുകാരോട് സഹകരിക്കുന്നത്. പ്രതിദിനം 1200 രൂപവരെ കൂലി വാങ്ങിയിരുന്നവർ 800 രൂപയായി കുറച്ചു. എന്നാൽ 1500 രൂപ കൂലി വാങ്ങി തുഴയുന്നവരുമുണ്ട്. ആഗസ്റ്റിനു മുൻപുള്ള പരിശീലന വട്ടങ്ങൾക്കായി 30-35 ലക്ഷം വരെ ക്ളബ്ബുകൾക്ക് ചെലവായിരുന്നു. അതൊക്കെ വെള്ളത്തിലായി. ഇന്നു മുതൽ കണക്കു കൂട്ടിയാൽപ്പോലും കുറഞ്ഞത് 10 ലക്ഷമെങ്കിലും പരിശീലനം ഉൾപ്പെടെയുള്ള ചെലവുകൾക്കു വേണ്ടിവരും.

................................................

'' സാമ്പത്തികമായി നഷ്ടമാണെങ്കിലും വള്ളംകളിയോടുള്ള സ്നേഹവും ആഗ്രഹവും കൊണ്ടാണ് കളിയിൽ പങ്കെടുക്കുന്നത്. ഒരു ലാഭവും ഇല്ല. പ്രളയം കവർന്നിട്ടും മത്സരച്ചൂട് ഒട്ടും ചോർന്നിട്ടില്ല. അതുമാത്രമാണ് മുതൽക്കൂട്ട്''

(മോൻസ് കരിയംപള്ളി, ചമ്പക്കുളം ചുണ്ടൻ വള്ളം ക്യാപ്ടൻ)