പുനരുദ്ധരിച്ചാൽ പഞ്ചായത്തിന് അധിക വരുമാനം
ചേർത്തല: പഴയകാല പ്രതാപത്തിന്റെ അല്ലറചില്ലറ ശേഷിപ്പുകൾ മാത്രം ഒളിമങ്ങി നിൽക്കുന്ന 'മിറിയം മാർക്കറ്റി'ലേക്ക് പഞ്ചായത്ത് അധികൃതർ ഒളികണ്ണിട്ടു നോക്കിയാലെങ്കിലും മതി; അധിക വരുമാനത്തിലേക്കുള്ള വഴിതെളിക്കലും പാരമ്പര്യത്തിന്റെ തിരിച്ചുപിടിക്കലുമായിത്തീരും അതെന്നുറപ്പ്.
പണ്ട് ചേർത്തല താലൂക്കിലെ പ്രധാന കമ്പോളങ്ങളിൽ ഒന്നായിരുന്നു മിറിയം മാർക്കറ്റ് എന്നറിയപ്പെട്ടിരുന്ന വെട്ടയ്ക്കൽ കമ്പോളം. മത്സ്യവില്പനയ്ക്കും പ്രാദേശിക കാർഷിക ഉല്പന്നങ്ങളുടെ വിപണനവും പൊടിപൊടിച്ചിരുന്ന പുരാതന വ്യാപാര കേന്ദ്രമായിരുന്നു ഇത്. ഇസ്രയേലിൽ നിന്നു ഇന്ത്യയിലെത്തിയ ജൂതന്മാരായിരുന്നു കമ്പോളത്തിന്റെ ഉടമകൾ. ഗതാഗത സൗകര്യങ്ങൾ പരിമിതമായിരുന്ന കാലഘട്ടത്തിൽ സജീവമായി പ്രവർത്തിച്ചിരുന്ന ഈ കമ്പോളം കാലത്തിന്റ മാറ്റത്തിൽ നാമാവശേഷമാകുകയായിരുന്നു. 1985 വരെ ഇവിടെ തകർപ്പൻ കച്ചവടമാണ് നടന്നിരുന്നത്.
'കോച്ച' എന്ന ജൂതന് തിരുവിതാംകൂർ രാജാവ് നൽകിയതാണ് ഈ മാർക്കറ്റ് ഉൾപ്പെടെയുളള പ്രദേശങ്ങൾ. പട്ടണക്കാട് പഞ്ചായത്തിലെ 13,14,16,18 വാർഡുകൾ പൂർണമായും 17,19 വാർഡുകളുടെ ചെറിയ പ്രദേശങ്ങളും ഉൾപ്പെടുന്ന ഭാഗം കോച്ചയുടെ ഉടമസ്ഥതയിലായിരുന്നു. കാരാളൻ തോടിന് തെക്കും ഇല്ലിക്കൽ വഴിക്ക് വടക്കും പൊഴിച്ചാലിന് കിഴക്കും ഉഴുവ ചാലിന് പടിഞ്ഞാറുമുള്ള പ്രദേശങ്ങളാണ് ഇതിൽ ഉൾപ്പെട്ടിരുന്നത്. വെട്ടയ്ക്കൽ സ്വദേശിയായ പറമ്പിൽ കൃഷ്ണൻ ആയിരുന്നു കോച്ചയുടെ നടത്തിപ്പുകാരൻ. മകനായ വി.കെ.വാസുണ്ണിയാണ് അവസാന കാലത്ത് നടത്തിപ്പു ചുമതല വഹിച്ചത്.
പട്ടണക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്ന കെട്ടിടമായിരുന്നു കോച്ചയുടെ ബംഗ്ലാവ്. കിഴക്കേ തട്ട്, ഇടത്തട്ട്, പടിഞ്ഞാറേ തട്ട് എന്നിങ്ങനെ തിരിച്ചായിരുന്നു കോച്ചയുടെ അധീനതയിലുള്ള പ്രദേശങ്ങൾ അറിയപ്പെട്ടിരുന്നത്. ഇതിൽ ബംഗ്ലാവും മാർക്കറ്റും പ്രവർത്തിച്ചിരുന്നത് ഇടത്തട്ടിലാണ്. പട്ടണക്കാട് പഞ്ചായത്തിലെ 600ൽ അധികം ഏക്കർ സ്ഥലം കോച്ചയുടെ അധീനതയിലായിരുന്നു. ഇന്നത്തെ എ,ബി,സി ബ്ലോക്കുകൾ, കൊട്ടളപ്പാട് പാടശേഖരങ്ങളും ഇതിൽ ഉൾപ്പെട്ടിരുന്നു.
നാട് കണികണ്ടുണർന്ന നൻമ
രാവിലെ അഞ്ചിന് മിറിയം മാർക്കറ്റിൽ മീൻചന്ത ആരംഭിച്ചിരുന്നു. ഓലമേഞ്ഞൊരു കെട്ടിടത്തിലായിരുന്നു പ്രധാന പ്രവർത്തനം. കടപ്പുറത്തുനിന്നും കരിനിലങ്ങളിൽ നിന്നും പൊഴിച്ചാലുകളിൽ നിന്നും പിടിക്കുന്ന മത്സ്യങ്ങളാണ് വിപണനം നടത്തിയിരുന്നത്. ചെറുകച്ചവടക്കാർ ഇവിടെയെത്തി മത്സ്യവും കാർഷികോത്പന്നങ്ങളും വാങ്ങി അവരുടെ പ്രദേശങ്ങളിൽ വിൽപ്പന നടത്തിയിരുന്നു. വാഹന സൗകര്യം പുരോഗമിച്ചതും സൈക്കിളിലും മറ്റ് വാഹനങ്ങളിലും മത്സ്യക്കച്ചവടക്കാർ എത്തിയതോടെയും മിറിയം മാർക്കറ്റിന്റ പ്രാധാന്യം നഷ്ടപ്പെടുകയായിരുന്നു. ഓലമേഞ്ഞ പഴയ കെട്ടിടത്തിന്റ സ്ഥാനത്ത് ഷീറ്റിട്ട കെട്ടിടത്തിൽ നാമമാത്രമായ മത്സ്യവിപണനവും ആഴ്ചയിൽ രണ്ട് ദിവസം മാത്രം ഇറച്ചി വ്യാപാരവുമാണ് നിലവിൽ നടക്കുന്നത്. മാർക്കറ്റ് നിൽക്കുന്ന സ്ഥലം ഇപ്പോഴും കോച്ചയുടെ പേരിലാണ്. പണ്ടുകാലത്ത് വിത്തുകളുടെ വ്യാപാരം നടക്കുന്ന
പ്രധാന മാർക്കറ്റു കൂടിയായിരുന്നു ഇത്. മാർക്കറ്റിനടുത്തായി പലക കൊണ്ട് നിർമ്മിച്ച കളിത്തട്ടിൽ കഥകളി ഉൾപ്പെടെയുളള കലാരൂപങ്ങളും അരങ്ങേറിയിരുന്നത്രെ.
..............................................
'' ഒരു സാംസ്ക്കാരിക കേന്ദ്രം കൂടിയായിരുന്നു വെട്ടയ്ക്കൽ കമ്പോളം. ഇതൊരു പൈതൃകസ്വത്തായി കണ്ട് പുനരുദ്ധരിച്ചാൽ നൂറുകണക്കിന് പ്രദേശവാസികൾക്ക് പ്രയോജനപ്രദമാകും. ഗ്രാമപഞ്ചായത്തിന് അധിക വരുമാനവും ലഭിക്കും. ഇതിന് പട്ടണക്കാട് ഗ്രാമപഞ്ചായത്ത് തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ''
(ടി.പി.മോഹനൻ, പൊതു പ്രവർത്തകൻ)