co-op
സഹകരണ സംഘം കാടുമൂടി തകർന്ന നിലയിൽ

വള്ളികുന്നം: കടുവുങ്കൽ സഹകരണ സംഘം വിസ്മൃതിയിലായി രണ്ടു പതിറ്റാണ്ട് കഴിഞ്ഞിട്ടും പുനഃജീവിപ്പിക്കാൻ നടപടിയില്ല. വളളികുന്നം കണിയാൻ മുക്കിന് സമീപം മണയ്ക്കാട് - കാമ്പിശേരി റോഡ് വശത്ത് 13 സെന്റിലാണ് സംഘം കെട്ടിടം സ്ഥിതി ചെയ്യുന്നത്. പ്രവർത്തനം നിലച്ചതോടെ കെട്ടിടം ജീർണാവസ്ഥയിലായി. ഏതു നിമിഷവും കെട്ടിടം നിലം പൊത്താവുന്ന സ്ഥിതിയാണ്. പരിസാരമാകെ കാടുകയറിയ നിലയിലാണ്. സന്ധ്യ കഴിഞ്ഞാൽ ഇഴജന്തുക്കളുടെ ശല്യം രൂക്ഷമായത് ഇതുവഴിയുള്ള കാൽനടയാത്രക്കാരെ ദുരിതത്തിലാക്കുന്നു. കാൽനൂറ്റാണ്ട് മുൻപ് സംഘത്തിന്റെ ദൈനംദിന പ്രവർത്തനത്തിന് ജില്ലാ സഹകരണ ബാങ്കിൽ നിന്ന് 20 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. എന്നാൽ പണം തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ല. ഇതോടെ തുടർപ്രവർത്തനം താളം തെറ്റി.വളളികുന്നം പടിഞ്ഞാറൻ മേഖലയിലെ ആയിരത്തിലധികം അംഗങ്ങളാണ് സംഘത്തെ ആശ്രയിച്ചിരുന്നത്. തെങ്ങ് പാട്ടത്തിനെടുത്ത് കർഷകർക്കും , പരസ്പര ജാമ്യത്തിൽ അംഗങ്ങൾക്ക് വായ്പ നല്കിയുമായിരുന്നു സംഘത്തിന്റെ പ്രവർത്തനം. തവണ വ്യവസ്ഥയിൽ വസ്ത്രങ്ങളും നല്കി. കാർഷിക ഉത്പന്നങ്ങളുടെ വില്പനശാലയും വളം ഡിപ്പോയും ഇവിടെ പ്രവർത്തിച്ചിരുന്നു. അഡ്മിസ്ട്രേറ്റീവ് കമ്മിറ്റി രൂപീകരിച്ച് സംഘം പുനഃജീവിപ്പിക്കാൻ നാട്ടുകാർ സഹകരണ വകുപ്പ് അധികൃതരെ നിരവധി തവണ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല.

ജില്ലാ സഹകരണ ബാങ്കിൽ നിന്നെടുത്ത വായ്പ എഴുതിത്തള്ളുന്നതിനോ മറ്റൊരു സംഘത്തിലേക്ക് ലയിപ്പിക്കുന്നതിനോ സഹകരണ വകുപ്പ് തയ്യാറാകുന്നില്ല. അഡ്മിസ്ട്രേറ്റീവ് കമ്മിറ്റി രൂപീകരിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാവണം.

എൻ. മോഹൻകുമാർ

നാട്ടുകാരൻ.

പുതിയ കെട്ടിടം നിർമ്മിച്ച് സംഘത്തിന്റെ പ്രവർത്തനം പുനഃരാരംഭിക്കാൻ അധികൃതർ നടപടി സ്വീകരിക്കണം.

അഡ്വ.എസ്. രാജേഷ്

നാട്ടുകാരൻ