acroad
എ.സി.റോഡിൽ പള്ളാതുരുത്തി പടിഞ്ഞാറ് ഭാഗത്ത് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ


കുട്ടനാട് : പ്രളയം തകർത്തെറിഞ്ഞ എ.സി റോഡിനെ പുനർനിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. എല്ലാ വെള്ളപ്പൊക്ക കാലത്തും വെള്ളത്തിനടിയിലാകുന്ന എ.സി റോഡ് ഉയർത്തി നിർമ്മിക്കാനുള്ള പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്.

പള്ളാത്തുരുത്തി പാലത്തിന്റെ പടിഞ്ഞാറ് ഭാഗത്തു നിന്നാണ് റോഡിന്റെ പുനർ നിർമ്മാണ ജോലികൾ ആരംഭിച്ചത്. ഏറെ താഴ്ന്ന നിലയിലുള്ള ഭാഗത്ത് ജെ.സി.ബി.ഉപയോഗിച്ച് നിലവിലെ ടാറിംഗ് അടർത്തിമാറ്റി ആ ഭാഗത്ത് പാറപ്പൊടിയും മെറ്റലും ഉപയോഗിച്ച് ഉയർത്തുന്ന ജോലിയാണ് തുടങ്ങിയത്.

അതിനോടൊപ്പം റോഡ് നിരപ്പാക്കുകയും റോഡ് റോളർ ഉപയോഗിച്ച് ഉറപ്പിക്കുന്ന ജോലിയും നടക്കുന്നുണ്ട്. എ.സി റോഡിലെ താഴ്ന്ന ഭാഗങ്ങൾ ഈ നിലയിൽ പരമാവധി അര മീറ്റർവരെ ഉയർത്തി നിർമ്മിക്കാനാണ് പദ്ധതി. പണ്ടാരക്കുളം, പൊങ്ങ, പൂപ്പള്ളി, നെടുമുടി പമ്പ് ,നസ്രത് ജംഗ്ഷൻ,മങ്കൊമ്പ് ബ്ലോക്ക്, മാമ്പുഴക്കരി, തുടങ്ങിയ ആറ് ഭാഗങ്ങളിൽ റോഡ് ഉയർത്തി ടാറിംഗ് നടത്തും.കൂടാതെ റോഡിൽ മറ്റിടങ്ങളിലുള്ള കുഴികളും ബിറ്റുമിൻ മെക്കാഡം, കോൺക്രീറ്റ് മിശ്രിതം എന്നിവ ഉപയോഗിച്ച് അടച്ച ശേഷം വീണ്ടും ടാറിംഗ് നടത്തും. പണ്ടാരക്കുളം ഭാഗത്ത് ടാറിംഗ് പൊളിച്ചു മാറ്റുന്ന ജോലിയും ഇന്നലെ നടന്നു.കെ.എസ്.ടിപി.യുടെ ചുമതലയിലാണ് റോഡ് നിർമ്മാണം. പെരുമ്പാവൂരിലെ ഇ.കെ.കെ.ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്ന കമ്പനിയാണ് റോഡ് നിർമ്മാണത്തിന്റെ കരാറെടുത്തിട്ടുള്ളത്. റോഡുപണി നടക്കുന്നിടത്ത് വാഹനങ്ങൾക്ക് നിയന്ത്രണം ഏ‌ർപ്പെടുത്തിയിട്ടുണ്ട്.

പ്രളയകാലത്ത് മാത്രമല്ല, മഴയൊന്ന് ഉറച്ചു പെയ്താൽ തന്നെ വെള്ളത്തിനടിയിലാകുന്നെന്ന പേരുദോഷമാണ് എ.സി റോഡിനുള്ളത്. വെള്ളം പൊങ്ങുന്നതോടെ എ.സി റോഡിൽ ഗതാഗതം നിലയ്ക്കുകയും കുട്ടനാട് ഒറ്റപ്പെടുകയും ചെയ്യും. റോഡിനു സമീപത്തെ പാടശേഖരങ്ങളിൽ കൃഷിയില്ലാത്തപ്പോൾ മോട്ടോർ പ്രവർത്തിപ്പിക്കാത്തതാണ് റോഡ് വേഗത്തിൽ വെള്ളത്തിലാകാൻ കാരണം. ഇതിൽ നിന്ന് മോചനം നേടാൻ റോഡ് ഉയർത്തി നിർമ്മിക്കണമെന്നത് ദീർഘനാളത്തെ ആവശ്യമായിരുന്നു.