ഹരിപ്പാട്: വിശ്വാസത്തിന്റെ പേരിൽ ചിലർ ഒരുക്കുന്ന കെണിയിൽ ആരും വീഴരുതെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ഹരിപ്പാട് നിയോജക മണ്ഡലത്തിലെ ചെറുതന, കരുവാറ്റ ഗ്രാമ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ച് നിർമ്മിച്ച കൊപ്പാറക്കടവ് പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
നാട് സംഘർഷത്തിന്റെ വക്കിലാണ്. സുപ്രീം കോടതി വിധി നടപ്പാക്കുക എന്നുള്ളത് ജനാധിപത്യ സർക്കാരിന്റെ ഉത്തരവാദിത്വമാണ്. വികസനത്തിന് രാഷ്ട്രീയമില്ല. പ്രതിപക്ഷ നേതാവിന്റെ മണ്ഡലം തീരദേശ മേഖല ഉൾക്കൊള്ളുന്നതാണ്. തീരദേശ മേഖലയുടെ സംരക്ഷണത്തിന് വേണ്ടി ഏത് പദ്ധതിയും നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. വലിയഴീക്കൽ, തോട്ടപ്പള്ളി ഹാർബറുകളുടെ പണികൾ പൂർത്തീകരിക്കുവാൻ നടപടി സ്വീകരിക്കും. മതിയായ സ്ഥലം വിട്ടു കിട്ടാത്തതാണ് കേരളത്തിലെ വികസനത്തിന് തടസം. നബാർഡ് പദ്ധതികളിൽ നിർമ്മാണത്തിന് മാത്രമേ പണം അനുവദിക്കുകയുള്ളൂ. പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കണം. കിഫ്ബി വർക്കുകൾക്ക് കാലതാമസമില്ലെന്നും അവർ പറഞ്ഞു. അപ്രോച്ച് റോഡിന് സ്ഥലം വിട്ടു കൊടുത്തവരെ മന്ത്രി ആദരിച്ചു. ഹരിപ്പാട് നിയോജക മണ്ഡലത്തിലെ 5 മേജർ പാലങ്ങളുടേയും 15റോഡുകളുടേയും പണികൾ ഉടൻ പൂർത്തീകരിക്കുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സൂപ്രണ്ടിംഗ് എൻജിനിയർ ഗിരിജ റിപ്പോർട്ട് അവതരിപ്പിച്ചു. ചീഫ് എൻജിനിയർ പി.കെ അനിൽകുമാർ, മുൻ എം.എൽ.എ ബി.ബാബുപ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശ്ശേരി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ വി.ബി രത്നകുമാരി, സി.സുജാത ,വൈസ് പ്രസിഡന്റുമാരായ ഗിരിജാ സന്തോഷ്, സുരേഷ് കളരിക്കൽ, ഫിഷറീസ് വകുപ്പ് ഡയറക്ടർ സിയാർ എന്നിവർ സംസാരിച്ചു.