t-v-r
kazhcha sreeb a li

തുറവൂർ: തുറവൂർ മഹാക്ഷേത്രത്തിലെ പ്രസിദ്ധമായ ദീപാവലി വലിയ വിളക്ക് ഉത്സവം ഭക്തസഹസ്രങ്ങൾക്ക് ദർശനപുണ്യമായി. പുലർച്ചെ മുതൽ വൻ ഭക്തജന തിരക്കാണ് ക്ഷേത്രനഗരിയിൽ അനുഭവപ്പെട്ടത്. അന്നദാനത്തിൽ പതിനായിരങ്ങൾ പങ്കെടുത്തു.

കേരളത്തിലെ പേരുകേട്ട 12 ഗജവീരന്മാർ കാഴ്ചശ്രീബലിയിൽ അണിനിരന്നു. ക്ഷേത്രാങ്കണത്തിൽ ആനയൂട്ടും ഉണ്ടായിരുന്നു. മേളവിദ്വാൻ പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിൽ നടന്ന പഞ്ചാരിമേളത്തിൽ നൂറിലധികം കലാകാരന്മാർ ഒത്തുചേർന്നു. മണിക്കൂറുകൾ നീണ്ട മേളപ്രപഞ്ചം ഉച്ചസ്ഥായിയിലെത്തിയപ്പോൾ സർവതും മറന്ന് കാണികൾ ആനന്ദത്തിലാറാടി. ബാംഗ്ലൂർ ബ്രദേഴ്സ് എന്നറിയപ്പെടുന്ന വിദ്വാൻ എം.ബി.ഹരിഹരൻ, എസ്.അശോക് എന്നിവർ നയിച്ച സംഗീതസദസും ശ്രദ്ധേയമായി.

രാത്രി 1.30 ന് ദർശന പ്രധാനമായ വലിയ വിളക്കിന് നാദസ്വരം ഘോഷം അകമ്പടി തീർത്തു. പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളവും അരങ്ങേറി. പുലർച്ചെ നടന്ന ദർശന പ്രധാനമായ കൂട്ടി എഴുന്നള്ളത്തും ദേവന്മാരുടെ യാത്രയയപ്പും ദർശിക്കാൻ ആയിരക്കണക്കിന് ഭക്തരാണ് എത്തിയത്. ഇന്നുച്ചയ്ക്ക് 12ന് നടക്കുന്ന ആറാട്ടോടെ ഒൻപത് ദിനരാത്രങ്ങൾ നീണ്ട വടക്കനപ്പന്റേയും തെക്കനപ്പന്റെയും ഉത്സവത്തിന് കൊടിയിറങ്ങും. തുടർന്ന് മഹാ അന്നദാനം നടക്കും.