'തുഴത്താളം' എന്ന പേരിൽ കഴിഞ്ഞ ആഗസ്റ്റിലെ ആദ്യവാരം ഈ പരമ്പര തുടങ്ങിയപ്പോൾ പുന്നമടക്കായൽ ആ മാസത്തെ രണ്ടാംശനിയും കാത്തിരിപ്പായിരുന്നു. കാറും കോളം ചെറുതല്ലാത്ത ഭീഷണി സൃഷ്ടിച്ചെങ്കിലും എല്ലാം കെട്ടടങ്ങുമെന്ന വിശ്വാസം മുറുകെപ്പിടിച്ചുള്ള കാത്തിരിപ്പ്. പുന്നമട ഫിനിഷിംഗ് പോയിന്റിൽ അവസാനവട്ട പരിശീലനങ്ങൾ കൊടുമ്പിരിക്കൊള്ളുന്നു. ഒപ്പം കായലിലെ ജലനിരപ്പും പതിയെ ഉയരുന്നു. എങ്കിലും ആശങ്ക അവഗണിച്ച് ചുണ്ടൻമാർ അവരവരുടെ ട്രാക്കുകളിൽ പരിശീലനത്തിന്റെ ഉശിരിലായിരുന്നു. ഒടുവിൽ എല്ലാം വെറുതെയാക്കി കൊടുംപ്രളയം നെഹ്രുട്രോഫിയെ കവർന്നെടുത്തു. അനന്തമായ കാത്തിരിപ്പിന്റെ തുടക്കത്തിനാണ് ആഗസ്റ്റിലെ രണ്ടാം ശനി തുടക്കമിട്ടത്.
ചുണ്ടൻ മറിഞ്ഞാലും അപ്പാടെയങ്ങ് മുങ്ങിപ്പോവില്ല. വെള്ളത്തിന്റെ മേൽപ്പരപ്പിൽത്തന്നെയുണ്ടാവും ഒട്ടുമിക്ക ഭാഗങ്ങളും. അതേപോലെയാണ് ഈ വള്ളംകളിയും. മൊത്തത്തിലങ്ങ് ഇല്ലാതാവില്ല. അങ്ങോട്ടോ ഇങ്ങോട്ടോ മാറിപ്പോയേക്കാം. നെഹ്രുട്രോഫിയുടെ ഈ വർഷത്തെ 'സെക്കൻഡ് എഡിഷൻ' ബോദ്ധ്യപ്പെടുത്തുന്നതും ഇതുതന്നെയാണ്.
നാളെ ഒരു പകലിരവു കൂടി കഴിഞ്ഞാൽ ആലപ്പുഴ ആ പ്രളയകാല സ്മരണകൾക്ക് അടുത്ത പകൽ മറയുവോളം അവധി കൊടുക്കും. കാരണം, അക്കാര്യങ്ങളൊന്നും ഓർക്കാനുള്ള നേരമുണ്ടാവില്ല. അതാണ് നെഹ്രുട്രോഫിയുടെ ആവേശം. എല്ലാം നഷ്ടപ്പെട്ടവരും സമ്പാദ്യത്തിന്റെ പാതിയോളം പോയവരും തുഴയും പങ്കായവുമേന്തി വള്ളത്തിലുണ്ട്. അവരുടെ ആവേശവും കരുത്തും കപ്പിലേക്കുള്ള പാച്ചിലും കണ്ടിരിക്കുമ്പോൾ വെള്ളത്തിലാണ്ടുപോയ വീടും പറമ്പും ചെളിയിൽ കുഴഞ്ഞുപോയ സ്വപ്നങ്ങളും ഓർത്തുകൊണ്ടിരിക്കാൻ ആർക്കുണ്ട് നേരം? അതാണ് വള്ളംകളി. നെഹ്രുട്രോഫിയാവുമ്പോൾ മൊത്തത്തിൽ ലെവലങ്ങ് മാറുകയും ചെയ്യും.
തുഴകൾ കവർന്ന പ്രളയം
വള്ളംകളി ക്ളബ്ബുകളിലെ 'മാഞ്ചസ്റ്റർ യുണൈറ്റഡ് ' ആയിരുന്നു യു.ബി.സി കൈനകരി. പണ്ടത്തെ കരുത്ത് ഇപ്പോൾ അത്രത്തോളമില്ല. അർജന്റീനയും ബ്രസീലും ലോകക്കപ്പ് ഫുട്ബാളിന്റെ ഫൈനലിൽ എത്തിയില്ലെന്നു കരുതി മെസിയും നെയ്മറും ഒന്നുമല്ലാതാവുമോ? അങ്ങനൊരു 'റീച്ചാ'ണ് യു.ബി.സിക്കുള്ളത്. പക്ഷേ, പ്രളയമുണ്ടോ ഇതുവല്ലതും അറിയുന്നു? യു.ബി.സിയുടെ ക്യാമ്പിലുണ്ടായിരുന്ന നല്ല 125 തുഴകളിൽ രണ്ടെണ്ണം മാത്രം അവശേഷിപ്പിച്ച് ബാക്കിയെല്ലാം കുത്തൊഴുക്കിന്റെ ട്രാക്കിലൂടെ എങ്ങോട്ടോ പോയി! 85 സെക്കൻഡ് ഹാൻഡ് തുഴകളും ഉണ്ടായിരുന്നു, അതും കാണാനില്ല. നവംബറിലെ രണ്ടാംശനിയിൽ കളിനടക്കും എന്നറിഞ്ഞതോടെ യു.ബി.സിക്കാർ ആദ്യം ചെയ്തത് തുഴ സംഘടിപ്പിക്കാനുള്ള പരിശ്രമമായിരുന്നു. കോട്ടയം ചിങ്ങവനത്ത് തുഴയുണ്ടാക്കുന്ന സംഘത്തെ കണ്ടു. പനത്തടിയിലുള്ള തുഴയൊന്നിന് 375-400 രൂപയോളമായി. പങ്കായത്തിന് പിന്നെയും കൂടി. 75,000 രൂപയോളം മുടക്കി കുറേ പുതിയ തുഴകൾ സംഘടിപ്പിച്ചു. മത്സരം കഴിയുമ്പോഴേക്കും 50 ലക്ഷം രൂപയോളം ക്ളബ്ബിനു ചെലവാകും. 15,000 രൂപയാണ് ഒരു തുഴച്ചിൽക്കാരന് ആദ്യം പറഞ്ഞിരുന്നത്. പ്രളയം വരുത്തിവച്ച നഷ്ടങ്ങൾ നിവർത്തിയപ്പോൾ കൂലി 10,000 രൂപയിലേക്കു താഴ്ത്താൻ ഒട്ടുമിക്ക തുഴച്ചിൽക്കാരും തയ്യാറായി. മൊത്തം 15 ലക്ഷം രൂപയാണ് കൂലിയായി കൊടുക്കാനുള്ളത്.
'മെനു' തകർത്ത പ്രളയം
'11 മണിയോടെ നാരങ്ങാവെള്ളമെത്തും. പച്ചക്കപ്പലണ്ടി, പച്ചക്കടല, സവാള, കുക്കുംബർ എന്നിവ ചേർത്തൊരു സാലഡും ഈ സമയം ഏർപ്പാടാക്കും. ഉച്ചകഴിഞ്ഞ് ട്രയൽ ഇല്ലാത്ത ദിവസങ്ങളിൽ ബീഫ് കറി ഉൾപ്പെടുന്ന ഊണ് വിളമ്പും. ട്രയൽ ഉണ്ടെങ്കിൽ ബീഫ് ഒഴിവാക്കി വിഭവ സമൃദ്ധമായ വെജിറ്റേറിയൻ ഊണ്.
വൈകിട്ട് ചെറിയ ഏത്തപ്പഴവും പൊരി ഇനങ്ങളിൽ ഏതെങ്കിലുമാണ് വിതരണം ചെയ്യുന്നത്. രാത്രിയിൽ ചപ്പാത്തിക്കൊപ്പം, ചിക്കൻ അല്ലെങ്കിൽ ബീഫ്- ആവശ്യംപോലെ കഴിക്കാം...'- ആഗസ്റ്റിലെ രണ്ടാംശനിക്കു വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ സംബന്ധിച്ച് ഒരു പ്രമുഖ ക്ളബ്ബിന്റെ മുഖ്യ സംഘാടകനാണ് തങ്ങളുടെ ക്യാമ്പിലെ 'മെനു' തലയെടുപ്പോടെ അന്ന് വിവരിച്ചത്. പക്ഷേ, പ്രളയാനന്തരം ഈ മെനു തകർന്നു.
രണ്ടാം ഘട്ടത്തിൽ ഉച്ചയ്ക്കു ശേഷമാണ് ഒട്ടുമിക്ക ക്ളബ്ബുകളും ട്രയൽ നടത്തിയത്. പ്രളയം മൂലം തൊഴിൽ നഷ്‌ടമുണ്ടായവർ ഒന്നു പച്ചപിടിച്ചു വരുന്നതേയുള്ളൂ. അവരെ രാവിലേതന്നെ വള്ളത്തിൽ കയറ്റാൻ സംഘാടകർക്കും മടി. ഉച്ചവരെയുള്ളജോലി കഴിഞ്ഞെത്തുമ്പോൾ ട്രയലിന് തുടക്കമാവും. വൈകിട്ട് പൊറോട്ടയോ ചപ്പാത്തിയോ ആവശ്യാനുസരണം നൽകിയ ശേഷം വീട്ടിലെത്തിക്കാനുള്ള ഏർപ്പാട് ചെയ്യും. അത്രത്തോളമൊക്കെയേ പറ്റുന്നുള്ളൂ. ആഗസ്റ്റിലെ പരിശീലനത്തിന് 35 ലക്ഷം വരെ ചെലവാക്കിയവരുണ്ട്. പ്രളയം ഇതൊക്കെ ആവിയാക്കി. നവംബറിലെ തീയതി പ്രഖ്യാപിച്ച ശേഷം കുറഞ്ഞത് അഞ്ചുലക്ഷം രൂപ വരെ ക്ളബ്ബുകൾക്ക് ചെലവായിട്ടുണ്ട്.
പ്രളയ മറവിൽ റാഞ്ചലും!
പ്രളയത്തോടെ സാമ്പത്തികസ്ഥിതി തകർന്ന ക്ളബ്ബുകൾ തുഴച്ചിൽക്കാരുടെ കൂലി കുറയ്ക്കാൻ ആലോചിച്ചപ്പോൾ, അത്തരം ക്ബബ്ബുകളിലെ മികച്ച തുഴച്ചിൽക്കാരെ നൂറും ഇരുന്നൂറും രൂപ കൂടുതൽ കൂലി പറഞ്ഞ് റാഞ്ചിയ സംഭവങ്ങളും പ്രളയാനന്തരമുണ്ടായി. കളിയിലെ 'എത്തിക്സി'നു വിരുദ്ധമായിട്ടാണ് ഈ കരിഞ്ചന്തയെ ഇരയാക്കപ്പെട്ട ക്ളബ്ബുകാർ വിലയിരുത്തുന്നത്. കളി കഴിഞ്ഞ് ഇത്തരക്കാരെ 'കാണാൻ' ഉറപ്പിച്ചിരിക്കുകയാണ് അതത് സംഘാടകർ.
അവസാനവട്ട തയ്യാറെടുപ്പുകൾ ഇന്നു നടക്കും. പലരും ആറു തവണ വരെ നവംബറിലെ പരിശീലനം പൂർത്തിയാക്കിക്കഴിഞ്ഞു. ഇന്ന് ഏതാനും ക്ളബ്ബുകൾ മാത്രമേ വള്ളമിറക്കുന്നുള്ളൂ. ഒട്ടുമിക്കവരും മത്സര വള്ളം നേരത്തേതന്നെ കരയിലാക്കിയ ശേഷം 'സ്പെയർ' വള്ളത്തിലാണ് പരിശീലനത്തിനിറങ്ങിയത്. വള്ളത്തിന് വെള്ളക്കേടുണ്ടാവാതിരിക്കാനുള്ള കരുതലിനായിരുന്നു ഇത്. പണ്ടൊക്കെ, മത്സരിക്കുന്ന വള്ളത്തിൽത്തന്നെയായിരുന്നു ട്രയലും. കാലം മാറിയില്ലേ, പിന്നെന്തിന് കോലം മാത്രം പഴയപടി...?
നാളെ: ഇന്നു മയക്കം, നാളെ തിമിർക്കും