ആലപ്പുഴ: നഗരത്തിലെ ആർ.ഒ പ്ളാന്റുകൾ പ്രവർത്തന രഹിതമായി കുടിവെള്ളം മുടങ്ങിയിട്ടും യാതൊരു നടപടിയുമില്ല. 17 പ്ലാന്റുകളിൽ ഒട്ടുമിക്കതും പ്രവ‌ർത്തനരഹിതമാണ്.

തൂക്കുകുളം, ഹോളി ഫാമിലി സ്കൂളിനു സമീപം, ചുടുകാട് ജംഗ്ഷൻ, പൂന്തോപ്പ്, വെള്ളക്കിണർ തുടങ്ങിയ സ്ഥലങ്ങളിലൊന്നും ആ‌ർ.ഒ പ്ലാന്റ് പ്രവർത്തിക്കുന്നില്ല. ഇൗ പ്രദേശങ്ങളിലുള്ളവർ മറ്റ് പ്ലാന്റുകളിൽ ജലം ശേഖരിക്കാനെത്തുമ്പോൾ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വെള്ളം പമ്പ് ചെയ്യുന്ന ട്യൂബുകളുടെ തകരാറും മോട്ടോർ കത്തിപ്പോകുന്നതുമാണ് ഒാരോ പ്രാവശ്യവും അധികൃതർ നിരത്തുന്ന വിശദീകരണം. ആ‌ർ.ഒ പ്ലാന്റുകളുടെ അറ്റകുറ്റപ്പണിക്ക് കഴിഞ്ഞ പ്ളാൻ ഫണ്ടിൽ നിന്ന് 15 ലക്ഷത്തോളും രൂപ വാട്ട‌ർ അതോറിറ്റിക്ക് നൽകിയെങ്കിലും ഫലമുണ്ടായില്ല.

മുമ്പ് പ്രതിഷേധമുയരുമ്പോൾ പ്ലാന്റ് നന്നാക്കാറുണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ വലിയ പ്രതിഷേധമുണ്ടായാൽപ്പോലും അധികൃതർക്ക് അനക്കമില്ല. രാവിലെ ഏഴുമുതൽ 10 വരെയും വൈകിട്ട് അഞ്ചുമുതൽ ഏഴുവരെയുമാണ് വെള്ളം വിതരണം ചെയ്യുന്നത്. ഒരാൾക്ക് 10 ലിറ്റർ വരെ നൽകും. നിലവിൽ പ്രവ‌ർത്തിക്കുന്ന പ്ലാന്റുകളിൽ രാവിലെയും വൈകിട്ടും വെള്ളമെടുക്കാനെത്തുന്നവരുടെ വൻതിരക്കാണ് അനുഭവപ്പെടുന്നത്. പ്ലാന്റ് പ്രവർത്തന സജ്ജമാക്കിയില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്നറിയിച്ച് കൗൺസിലർമാരും രംഗത്തെത്തിയിട്ടുണ്ട്.

.........................................

'' വെള്ളക്കിണ‌‌ർ ജംഗ്ഷനു സമീപമുള്ള ആ.ഒ പ്ലാന്റ് പ്രവ‌ർത്തന രഹിതമായിട്ട് മാസങ്ങൾ കഴിഞ്ഞു. ട്യൂബിൽ അറ്റകുറ്റപ്പണി നടത്തിയാലും ഇത് പ്രയോജനപ്പെടുത്താൻ കഴിയില്ലെന്നാണ് വാട്ടർ അതോറിറ്റി അധികൃതർ അറിയിക്കുന്നത്. പകരം സംവിധാനമൊരുക്കാമെന്ന് പറയുന്നുണ്ടെങ്കിലും കാലതാമസം ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു''

(ജി. ശ്രീജിത്ര, കൗൺസിലർ, മുനിസിപ്പൽ സ്റ്റേഡിയം വാർഡ്)