 നിർമ്മാണം ഉടൻ പുന:രാരംഭിക്കും

ചേർത്തല: വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന അർത്തുങ്കൽ ഹാർബറിന്റെ പൂർത്തീകരണത്തിനു വഴി തെളിഞ്ഞു. മന്ത്രി പി.തിലോത്തമൻ ഫിഷറീസ്-ഹാർബർ എൻജിനിയറിംഗ് മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മയുമായി നടത്തിയ ചർച്ചയിലാണ് പ്രതിബന്ധങ്ങൾ വഴിമാറിയത്.

മൂന്നു വർഷമായി മുടങ്ങിക്കിടന്ന ഹാർബർ നിർമ്മാണ ജോലികൾക്ക് 15 കോടി രൂപ നബാർഡ് അനുവദിച്ചിരുന്നു. പ്രളയത്തെ തുടർന്ന് എസ്റ്റിമേറ്റ് പരിഷ്ക്കരിച്ച് പുതിയ മുൻഗണനാ ക്രമം നിശ്ചയിക്കേണ്ടി വരുമെന്ന സാഹചര്യം ഉണ്ടായി. എന്നാൽ ഫിഷിംഗ് ഹാർബറുകളുടെ കാര്യത്തിൽ മുമ്പ് നിർദ്ദേശിച്ചിരുന്ന മുൻഗണനയിൽ മാറ്റം വേണ്ടെന്ന തീരുമാനം ഉണ്ടായതോടെ തടസം നീങ്ങുകയായിരുന്നു. ഹാർബറിന്റെ നിർമ്മാണ ജോലികൾ അടിയന്തരമായി പുന:രാരംഭിക്കണമെന്നും സാങ്കേതിക തടസങ്ങൾ നീക്കാൻ എൻജിനിയറിംഗ് വിഭാഗം ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർക്കണമെന്നും ആവശ്യപ്പെട്ട് മന്ത്രി പി.തിലോത്തമൻ ഫിഷറീസ് മന്ത്രിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചത്.

ഇതുവരെ 22 കോടിയിലധികം രൂപയുടെ നിർമ്മാണ ജോലികൾ പൂർത്തിയാക്കിയതായും ഇതിനായി കേന്ദ്രം നൽകാമെന്ന് പറഞ്ഞ തുകയിൽ 10 കോടി മാത്രമാണ് അനുവദിച്ചതെന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. അന്ധകാരനഴി വടക്കേ പാലത്തിൽ കൈവരികളുടെ നിർമ്മാണം മാത്രമാണ് പൂർത്തിയാകാനുള്ളത്. അപ്രോച്ച് റോഡിന്റെ ആവശ്യത്തിന് 12 സെന്റ് സ്ഥലം ഏറ്റെടുക്കാനുള്ള നടപടിയുമായി മുന്നോട്ട് പോകുകയാണെന്നും മന്ത്രി അറിയിച്ചു.