i

ഹരിപ്പാട്: ലോറിയിലേക്ക് ഇടിച്ചുകയറി തീപിടിച്ച ബുള്ളറ്റിൽ യാത്ര ചെയ്തിരുന്ന രണ്ട് എൻജിനിയറിംഗ് വിദ്യാർത്ഥികൾ ദാരുണമായി മരിച്ചു. കോയമ്പത്തൂരിലെ കർപ്പൂരം എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥികളായ മാവേലിക്കര കല്ലുമല നടപ്പള്ളിൽ വീട്ടിൽ ശിവകുമാറിന്റെയും സുധാകുമാരിയുടെയും മകൻ ശങ്കർ കുമാർ (ശംഭു-21), ചെങ്ങന്നൂർ കാരയ്ക്കാട് മംഗലത്ത് കിരൺ നിവാസിൽ ഉണ്ണിക്കൃഷ്ണന്റെ മകൻ കിരൺ കൃഷ്ണൻ (21) എന്നിവരാണ് മരിച്ചത്. ദേശീയപാതയിൽ ഹരിപ്പാടിനും നങ്ങ്യാർകുളങ്ങര കവലയ്ക്കും മദ്ധ്യേ സൗഗന്ധിക ഹോട്ടലിന് സമീപം ഇന്നലെ രാവിലെ 6.15 ഓടെയായിരുന്നു അപകടം.

തിരുവനന്തപുരത്ത് നിന്ന് ഗൃഹോപകരണങ്ങളുമായി എറണാകുളത്തേക്ക് പോയ ലോറിയുമായി ശങ്കറും കിരണും സഞ്ചരിച്ച ബുള്ളറ്റ് കൂട്ടിയിടിക്കുകയായിരുന്നു. ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ട്വന്റി- 20 മത്സരം കാണാനായി ബുള്ളറ്റിൽ ഉത്തർപ്രദേശിൽ പോയശേഷം ചെങ്ങന്നൂരിലേക്ക് മടങ്ങവേയാണ് അപകടം. മറ്റൊരു വാഹനത്തെ മറികടന്ന് ‌എതിരേവന്ന ലോറിയിൽ ഇടിക്കാതിരിക്കാനായി വെട്ടിച്ചുമാറ്റുന്നതിനിടെ അതേ ലോറിയിൽ ബുള്ളറ്റ് ഇടിക്കുകയായിരുന്നു. ലോറിയുമായി കൂട്ടിയിടിച്ച ഉടനേ ബൈക്കിൽ നിന്നു തീ ആളിക്കത്തി.

എൻഫീൽഡ് ഹിമാലയൻ ബുള്ളറ്റ് ഓടിച്ച ശങ്കർകുമാറിന്റെ ശരീരത്തിലേക്കാണ് ആദ്യം തീ ആളിപ്പടർന്നത്. അനങ്ങാൻ പറ്റാതെ റോഡിൽക്കിടന്ന ശങ്കർ ഫയർഫോഴ്സ് എത്തുമ്പോഴേക്കും വെന്തുമരിച്ചു. ബൈക്കിന്റെ പിന്നിലിരുന്ന കിരൺ കുമാർ ദൂരേക്ക് തെറിച്ചുവീണതിനാൽ ചെറിയരീതിയിലേ പൊള്ളലേറ്റിരുന്നുള്ളൂ. വീഴ്ചയുടെ ആഘാതത്തിൽ ആന്തരികാവയവങ്ങൾ പൂർണമായും തകർന്ന കിരൺ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ബുള്ളറ്റ് പൂർണമായി കത്തി നശിച്ചു. ശങ്കർ കുമാറിന്റെ സഹോദരൻ: ഗണേശ്. കിരണിന്റെ പിതാവ് രണ്ടു മാസം മുമ്പ് വാങ്ങിക്കൊടുത്തതാണ് ബുള്ളറ്റ്.

മൃതദേഹത്തോട് അനാദരവ്

ഹരിപ്പാട് ഗവ. ആശുപത്രിയിലെത്തിച്ച ശങ്കർ കുമാറിന്റെ മൃതദേഹം ഏറ്റുവാങ്ങാതെ ആശുപത്രി അധികൃതർ ഒരു മണിക്കൂറോളം ആബുലൻസിൽ തന്നെ കിടത്തി അനാദരവ് കാട്ടിയെന്ന്‌ പരാതിയുയർന്നു. ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ച മൃതദേഹം പരിശോധിച്ച ശേഷം മോർച്ചറിയിലേക്ക് മാറ്റാൻ ഡ്യൂട്ടി ഡോക്ടർ ആവശ്യപ്പെട്ടു. എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരോ മോർച്ചറി ജീവനക്കാരോ അടുത്തേക്ക് വരാൻപോലും തയ്യാറായില്ല. ദുർഗന്ധം വമിക്കുന്ന മൃതദേഹം തുണിയിൽ പൊതിഞ്ഞ നിലയിൽ ഒരു മണിക്കൂറോളമാണ് ആംബുലൻസിൽ വച്ചത്. ആംബുലൻസ് ഡ്രൈവർ പലതവണ ആവശ്യപ്പെട്ടിട്ടും ജീവനക്കാർ സഹായിക്കാൻ തയ്യാറായില്ല. തുടർന്ന് ജനറൽ ഒ.പിയിലെ ഡോക്ടർ എത്തി നേരിട്ട് പറഞ്ഞ ശേഷമാണ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയത്.