tvr
ദേശീയപാതയോടു ചേർന്ന കാന കാടുകയറിയ നിലയിൽ

 പുതിയ കാനയ്ക്ക് അനുവദിച്ചത് 25 ലക്ഷം

അരൂർ: വെള്ളക്കെട്ട് ശല്യമില്ലാത്ത സ്ഥലത്ത് കാന നിർമ്മിച്ച് പണം പൊടിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാരുടെ പ്രതിഷധം. ചന്തിരൂർ റോഡരികിൽ നിലവിലുള്ള കാനയുടെ സമീപം 25 ലക്ഷത്തോളം മുടക്കി മറ്റൊരു കാന നിർമ്മിക്കാൻ ശ്രമിക്കുന്ന പൊതുമരാമത്ത് വകുപ്പിനെതിരെയാണ് നാട്ടുകാർ രംഗത്തെത്തിയത്.

ചന്തിരൂർ പഴയപാലം റോഡിൽ ജുമാ മസ്ജിദ് വരെ നിലവിൽ കാനയുണ്ട്. ഇതിനോടു ചേർന്നാണ് പുതിയ കാന നിർമ്മിക്കാൻ ഒരുങ്ങുന്നത്. ഉദ്യാഗസ്ഥർ സ്ഥലം സന്ദർശിച്ച് പഠനം നടത്താതെയാണ് ടെൻഡർ നൽകിയതെന്ന് ആക്ഷേപമുണ്ട്. നിലവിലുള്ള കാന ഉയരം കൂട്ടാനും വടക്കോട്ടു ബാക്കിയുള്ള ഭാഗത്ത് പുതിയ കാന പണിയാനുമാണ് പദ്ധതി. എന്നാൽ പ്രവൃത്തികളുടെ വിശദവിവരങ്ങൾ അധികൃതരും കരാറുകാരനും മറയ്ക്കുന്നുവെന്നും പരാതിയുണ്ട്.

അതേ സമയം കാനയുമായി 50 മീറ്റർ ദൂരം പോലുമില്ലാത്ത ദേശീയപാതയ്ക്ക് കിഴക്ക് ഭാഗത്ത് ഇതേ സ്ഥലത്തു നിന്നു ചന്തിരൂർ പുത്തൻ തോട്ടിലേക്ക് കാന നിലവിലുണ്ട്. മലിനജലം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്ന സാഹചര്യമാണ് ഇവിടുള്ളത്. രൂക്ഷമായ കൊതുക് ശല്യവും. കുമർത്തുപടി ക്ഷേത്രത്തിനരികിലൂടെ കടന്നുപോകുന്ന, മൂടി പോലുമില്ലാത്ത കാന ഇപ്പോൾ കാടുകയറിയ നിലയിലാണ്. ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർ കാനയുടെ ദു:സ്ഥിതി മൂലം വളരെയേറെ ബുദ്ധിമുട്ടുന്നു. ഇതിനൊന്നും പരിഹാരം കാണാതെയാണ് വെള്ളക്കെട്ടില്ലാത്ത സ്ഥലത്ത് പുതിയ കാന പണിയുന്നത്. ദേശീയപാതയ്ക്ക് സമീപമുള്ള കാന ശുചീകരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.