 വിത പൂർത്തിയാക്കാൻ തീവ്ര പരിശ്രമം

ആലപ്പുഴ: ആശങ്കകളും അനിശ്ചിതത്വങ്ങളും അല്പസ്വല്പം പിടിവിട്ടു തുടങ്ങിയതോടെ കുട്ടനാട്ടിൽ വിളവിറക്ക് അവസാന ഘട്ടത്തിലെത്തി.

വിത്ത് വൈകി ലഭിച്ച പാടശേഖരങ്ങളിൽ ദിവസങ്ങൾക്കുള്ളിൽ വിത പൂർത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് കർഷകർ.

കുട്ടനാട്ടിൽ എടത്വ, ചമ്പക്കുളം, കൈനകരി, നെടുമുടി, പുളിങ്കുന്ന്, കാവാലം, നീലംപേരൂർ കൃഷിഭവനുകളുടെ പരിധിയിൽ വരുന്ന പാടശേഖരങ്ങളിലും പുന്നപ്ര തെക്ക്, വടക്ക്, അമ്പലപ്പുഴ തെക്ക്, വടക്ക്, പുറക്കാട്, തകഴി എന്നിവിടങ്ങളിലെ കരിനിലങ്ങളിലുമാണ് നിലവിൽ കൃഷി ഇറക്കുന്നത്. കരിനിലങ്ങളിലെ വീത പൂർത്തിയായി. കുട്ടനാട്ടിലെ ചില പടങ്ങളിലാണ് വിത ശേഷിക്കുന്നത്.

 ഭീഷണിയായി ഓരുജലം

നെൽപ്പാടങ്ങളിൽ കൃഷിക്ക് ഭീഷണിയായി ഓരുജലം നിറയുന്നു. ഓരുമുട്ടുകൾ സ്ഥാപിക്കുന്നതിലെ വീഴ്ചയും മഴയുടെ കുറവുമാണ് ഭീഷണി സൃഷ്ടിക്കുന്നത്. തോട്ടപ്പള്ളി സ്പിൽവേ, തൃക്കുന്നപ്പുഴ ചീപ്പ്, തണ്ണീർമുക്കം ബണ്ട് എന്നിവിടങ്ങളിൽ കൂടിയാണ് ഓരുജലം കയറുന്നത്. തോട്ടപ്പള്ളി സ്പിൽവേ ഷട്ടറുകളുടെ അടിയിലൂടെ രാത്രിയിൽ കടലിലേ വേലിയേറ്റത്തിലാണ് ഉപ്പുവെള്ളം കയറുന്നത്. മത്സ്യത്തൊഴിലാളികളെ സഹായിക്കാനായി വേലിയേറ്റ സമയത്ത് ഷട്ടറുകൾ കൃത്യമായി താഴ്ത്താത്താറില്ലെന്ന് കർഷകർ ആരോപിക്കുന്നു.

 കീടങ്ങളുടെ ശല്യവും

കാലം തെറ്റിയുള്ള വിത മൂലം കീടങ്ങളുടെ ശല്യവുമുണ്ട്. 35 ദിവസം വരെ പ്രായമുള്ള നെൽ ചെടികളിൽ മഴയുടെ കുറവു മൂലം ഓലചുരുട്ടി, ഇലപ്പേൻ കീടങ്ങളാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.