ആലപ്പുഴ: അക്ഷയ കേന്ദ്രങ്ങളെന്ന് തെറ്റിദ്ധരിപ്പിക്കും വിധം ബോർഡുകൾ സ്ഥാപിച്ച് പ്രവർത്തിക്കുന്ന അനധികൃത സ്വകാര്യ ഓൺലൈൻ സേവന കേന്ദ്രങ്ങൾ ജനങ്ങളെ വലയ്ക്കുന്നു. അക്ഷയ ഇ-കേന്ദ്രം, അക്ഷയ പൊതുജന സേവന കേന്ദ്രം തുടങ്ങിയ പേരുകളിലുള്ള യഥാർത്ഥ അക്ഷയ കേന്ദ്രങ്ങൾക്ക് സമാനമായ പേരും ബോർഡും ലോഗോയും പ്രദർശിപ്പിച്ചാണ് ചൂഷണം.

സ്വകാര്യ ഓൺലൈൻ വഴി നടത്തപ്പെടുന്ന സേവനങ്ങൾക്ക് യാതൊരുവിധ നിയമപരിരക്ഷയും ലഭിക്കില്ല. സർക്കാർ മാനദണ്ഡങ്ങൾക്ക് വിധേയമായി ഓൺലൈൻ ടെസ്റ്റും അഭിമുഖവും നടത്തിയാണ് യോഗ്യരായ അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നത്. അക്ഷയ കേന്ദ്രങ്ങൾ വഴിയുള്ള സേവനങ്ങൾക്ക് അക്ഷയ സംരംഭകർക്കും സംസ്ഥാന ഐ.ടി മിഷനും ഉത്തരവാദിത്വമുണ്ട്. ജില്ലയിൽ പലേടത്തും അനധികൃത ഓൺലൈൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായി ചൂണ്ടിക്കാട്ടി അക്ഷയകേന്ദ്ര ഉടമകൾ അധികൃതർക്ക് പരാതി നൽകി.

സ്വകാര്യ ഓൺലൈൻ സ്ഥാപനങ്ങളിൽ നൽകുന്ന തിരിച്ചറിയൽ കാർഡുകളും മറ്റു രേഖകളും ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് വിദഗ്ദ്ധർ വ്യക്തമാക്കുന്നു. അംഗീകൃത അക്ഷയ കേന്ദ്രങ്ങൾക്ക് പ്രത്യേക യൂസർ എെഡിയും പാസ് വേർഡും നൽകിയിട്ടുണ്ട്. 'അക്ഷയ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന സേവനങ്ങൾ ലഭ്യ'മെന്ന പ്രചാരണത്തോടെയാണ് പലയിടങ്ങളിലും അനധികൃത ഓൺലൈൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. സാധാരണക്കാരായ ആളുകളാണ് ഇത്തരം കേന്ദ്രങ്ങളിലെത്തി വഞ്ചിതരാകുന്നതിൽ ഏറെയും.

ഇ-ഡിസ്ട്രിക്ട്, ഇ-ഗ്രാന്റ്സ്, ആരോഗ്യ ഇൻഷ്വറൻസ്, ആധാർ തുടങ്ങിയ മിക്ക സർക്കാർ ഓൺലൈൻ സേവനങ്ങളുടെയും ആധികാരികമായ പോർട്ടൽ ലോഗിംഗ് സംവിധാനം അംഗീകൃത അക്ഷയ കേന്ദ്രങ്ങൾക്ക് മാത്രമാണുള്ളത്.

.............................................

"ജില്ലയിൽ അനധികൃത ഒാൺലൈൻ കേന്ദ്രങ്ങൾ വ്യാപകമാകുന്നുണ്ട്. വ്യക്തിഗത രേഖകൾ ഇത്തരം സ്ഥാപനങ്ങൾ ദുരുപയോഗം ചെയ്യാൻ സാദ്ധ്യതയെറെയാണ്. വിവരം കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്''

(പി.ബി. അനുരാജ്, സംസ്ഥാന കമ്മിറ്റി അംഗം, അസോസിയേഷൻ ഒഫ് എെ.ടി എംപ്ലോയീസ്-അക്ഷയ)