അമ്പലപ്പുഴ: ഉയരങ്ങൾ താണ്ടാനാവാതെ സൈക്കിൾ പോളോ താരങ്ങൾ വട്ടം ചുറ്റുന്നു. നാലുവർഷമായി സൈക്കിൾ പോളോയിൽ സംസ്ഥാന ജേതാക്കളായ ആലപ്പുഴ ജില്ലാ ടീമാണ് പരാധീനതകളുടെ നടുവിൽ കഴിയുന്നത്. എറണാകുളം തേവര സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ ആഴ്ച നടന്ന സംസ്ഥാന മത്സരത്തിൽ സബ് ജൂനിയർ ബോയ്സ്, ജൂനിയർ ഗേൾസ്, സീനിയർ ഗേൾസ്, സീനിയർ ബോയ്സ് വിഭാഗങ്ങളിൽ ആലപ്പുഴ ജില്ലയാണ് പ്രഥമസ്ഥാനം കരസ്ഥമാക്കിയത്.അമ്പലപ്പുഴ ഗവ.ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്താണ് ഇവർ പരിശീലനം നടത്തുന്നത്.വിവിധ സ്കൂളുകളിലെ 40ലധികം വിദ്യാർത്ഥികൾ പരിശീലനത്തിനുണ്ട് .കഴിഞ്ഞ പ്രളയത്തിൽ ഭൂരിഭാഗം വിദ്യാർത്ഥികളുടെയും സൈക്കിളുകൾ നഷ്ടപ്പെടുകയോ, ഉപയോഗശൂന്യമാകുകയോ ചെയ്തിരുന്നു.4 സൈക്കിളുമായാണ് ഇവർ സംസ്ഥാന മീറ്റിന് പോയത്.സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവരാണ് വിദ്യാർത്ഥികളിൽ ഭൂരിഭാഗവും. സൈക്കിളുകൾ നഷ്ടമായത് സ്പോർട്ട്സ് കൗൺസിലിനെയും, കായിക മന്ത്രാലയത്തെയും അറിയിച്ചിട്ടും ഫലമുണ്ടായില്ലെന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.നാഷണൽ ഗെയിംസിലും വിജയികളാകുന്ന ഇവർക്ക് 2012 മുതൽ അവാർഡുതുക പോലും ലഭിച്ചില്ലെന്ന പരാതിയുണ്ട്. ഏക ആശ്വാസം 30 മാർക്ക് എസ്.എസ്.എൽ.സി, പ്ലസ് ടു, പരീക്ഷകളിൽ ലഭിക്കുതാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. സൈക്കിൾ പോളോ അസോ. ജില്ലാ സെക്രട്ടറി ജിതിൻ രാജിന്റെ നേതൃത്വത്തിൽ ജയൻ, ബേബി, ദീപു എന്നിവരാണ് അമ്പലപ്പുഴയിലെ സൈക്കിൾ പോളോ താരങ്ങളെ പരിശീലിപ്പിക്കുന്നത്.ഈ കായിക ഇനത്തോടുള്ള താത്പര്യം കൊണ്ടു മാത്രമാണ് സാമ്പത്തിക നേട്ടമൊന്നുമില്ലാതെ ഇവർ പരിശീലനം നല്കുന്നത്. മറ്റു മത്സരങ്ങൾക്ക് ധാരാളം സഹായങ്ങൾ ചെയ്തു വരുന്ന സർക്കാർ സൈക്കിൾ പോളോ കായിക താരങ്ങൾക്കും സാമ്പത്തികവും, പ്രോത്സാഹനവും നൽകണമെന്നാണ് കായിക പ്രേമികളുടെ ആവശ്യം.
സൈക്കിൾ നഷ്ടപ്പെട്ട കായിക താരങ്ങൾക്ക് സൈക്കിൾ നല്കാൻ സർക്കാർ മുൻകൈയെടുക്കണം.
ജിതിൻ രാജ് സൈക്കിൾ പോളോ അസോ. ജില്ലാ സെക്രട്ടറി