കായംകുളം: എസ്.എൻ.ഡി.പി യോഗം കീരിക്കാട് തെക്ക് 334- നമ്പർശാഖ മൂലേശേരിൽ ശിവ ക്ഷേത്രത്തിന്റെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം അപഹരിച്ച കുപ്രസിദ്ധ മോഷ്ടാവിനെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു.

കായംകുളത്ത് തള്ളുവണ്ടിയിൽ പച്ചക്കറി കച്ചവടം നടത്തി വന്ന ആട് നൗഷാദിനെയാണ് (45) എസ്.ഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. നിരവധി ക്ഷേത്രങ്ങളിൽ കാണിക്കവഞ്ചി കുത്തിത്തുറന്ന് കവർച്ച നടത്തിയിട്ടുണ്ടെന്നും പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് പറഞ്ഞു.

വ്യാഴാഴ്ച രാത്രി എം.എസ്.എം കോളേജ് ജംഗ്ഷന് സമീപം റോഡരുകിലെ വലിയ കാണിക്ക മണ്ഡപത്തിലെ വഞ്ചി തകർത്താണ് പണം അപഹരിച്ചത്. സമീപത്തെ കടയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്.സി.സി.ടി.വിയുടെ ഒരു കാമറയും ഇയാൾ തകർത്തു.

ജില്ലയിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ തമിഴ്നാട്ടിൽ ഡി.എം.കെ പ്രവർത്തകൻ ചമഞ്ഞും തട്ടിപ്പ് നടത്തി അറസ്റ്റിലായിട്ടുണ്ട്.