 പുന്നമടയിൽ ഇന്ന് ആവേശപ്പോര്

ആലപ്പുഴ: പുന്നമടയിലെ ജലമാമാങ്കത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. കാണികള്‍ക്കും തുഴച്ചില്‍ക്കാര്‍ക്കുമൊപ്പം വള്ളംകളിയെ ഹരം കൊള്ളിക്കാന്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം അല്ലു അര്‍ജുന്‍ ഇന്നലെയെത്തി. കൂടെ താരത്തിന്റെ ഭാര്യ സ്നേഹ റെഡ്ഢിയുമുണ്ട്. കായിക പ്രേമികള്‍ക്ക് ഇരട്ടി മധുരമായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ മുഴുവന്‍ ടീം അംഗങ്ങളും പുന്നമടയിലെത്തും. മഞ്ഞപ്പടയും അല്ലു അര്‍ജ്ജുനും കാണികള്‍ക്ക് ആവേശം പകരും.

ഗവര്‍ണര്‍ പി.സദാശിവം, കേന്ദ്രമന്ത്രി അല്‍ഫോൺസ് കണ്ണന്താനം, മന്ത്രിമാരായ തോമസ് ഐസക്ക്, ജി.സുധാകരന്‍, പി. തിലോത്തമന്‍, കടകംപള്ളി സുരേന്ദ്രൻ ഉൾപ്പെടെയുള്ള പ്രമുഖരുടെ നിരയും ജലമേളയ്ക്കെത്തുന്നുണ്ട്.

നെഹ്രുട്രോഫിയുടെ ചരിത്രത്തില്‍ത്തന്നെ ഏറ്റവുമധികം വള്ളങ്ങള്‍ പങ്കെടുക്കുന്നു എന്നതാണ് 66- ാമത് നെഹ്‌റു ട്രോഫി വള്ളം കളിയുടെ പ്രത്യേകത. 25 ചുണ്ടന്‍ വള്ളങ്ങളും 56 കളിവള്ളങ്ങളുമാണ് ഇക്കുറി മാറ്റുരയ്ക്കുന്നത്.

ഇന്നു രാവിലെ 11ന് ചെറുവള്ളങ്ങളുടെ മത്സരങ്ങളോടെ ജലമേളയുടെ ട്രാക്കുണരും. വിപുലമായ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രന്റെ നേതൃത്വത്തില്‍ 2,086 പൊലീസുകാരാണ് ജലമേളയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ നിയന്ത്രിക്കുന്നത്. ഗതാഗത തടസസമടക്കമുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായി പുന്നമടയെയും നഗരത്തെയും രണ്ടായി തിരിച്ചുള്ള സുരക്ഷയാണ് ക്രമീകരിച്ചിരിക്കുന്നത്. പുന്നമടയെ 15 ഡിവൈ.എസ്.പി. മാരുടെ നേതൃത്വത്തില്‍ 15 മേഖലകളായി തിരിക്കും. എല്ലാ പവലിയനുകളിലും സി.സി.ടി.വി നിരീക്ഷണത്തിന് പ്രത്യേക കൺട്രോള്‍ റൂമും ഒരുക്കിയിട്ടുണ്ട്. വി.ഐ.പി സുരക്ഷയ്ക്കായി കമാന്‍ഡോ ഉദ്യോഗസ്ഥരേയും നിയോഗിച്ചിട്ടുണ്ട്.

പൂര്‍ണ്ണമായും ആധുനിക സാങ്കേതിക വിദ്യയിലൂന്നിയ സ്റ്റാര്‍ട്ടിംഗ്, ഫിനിഷിംഗ് സംവിധാനങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. വള്ളങ്ങള്‍ക്ക് 10 ശതമാനം അധിക ബോണസാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ആദ്യ പത്തു സ്ഥാനങ്ങളില്‍ എത്തുന്ന വള്ളങ്ങള്‍ക്ക് അധിക പ്രൈസ് മണിയും നല്‍കും. ദൂരദര്‍ശനില്‍ ജലമേള തത്സമയം കാണാം.

...................................

 66ൽ ആകാശവാണി 63-ാം തവണ

ആലപ്പുഴ: നെഹ്രുട്രോഫി ജലമേള 66 വർഷത്തുിലെത്തി നിൽക്കവേ, 63 വര്‍ഷക്കാലത്തെ വിവരണ പാരമ്പര്യവുമായാണ് ആകാശവാണി ടീം ഇക്കുറി എത്തുന്നത്. 1955 മുതല്‍ ആകാശവാണി നെഹ്‌റു ട്രോഫിയുടെ ദൃക്‌സാക്ഷി വിവരണം സംപ്രേഷണം ചെയ്യുന്നുണ്ട്. ലോകമെമ്പാടുമുള്ള ജലോത്സവ പ്രേമികള്‍ക്ക് മുന്നില്‍ ജലരാജാക്കന്‍മാരുടെ കായിക മാമാങ്കത്തിന് ഇത്രമേല്‍ സ്വീകാര്യത നേടി കൊടുക്കുന്നതില്‍ ആകാശവാണിയുടെ ദൃക്‌സാക്ഷി വിവരണം വഹിച്ച പങ്ക് ചെറുതല്ല. ജോസഫ് ഇളംകുളവും ഷാജി ചേരമനും ഹബീബ് ഖാനും ജോളി എതിരേറ്റും അടങ്ങുന്ന ഒൻപതംഗ സംഘമാണ് ഇത്തവണ ആകാശവാണിക്കുവേണ്ടി എത്തുന്നത്. ഉച്ചയ്ക്ക് 2.30ന് ദൃക്‌സാക്ഷി വിവരണം ആരംഭിക്കും.