മാവേലിക്കര: ബസ് 'സ്വകാര്യ'മായതുകൊണ്ട് സ്വകാര്യമായിപ്പോലും ബസിനുള്ളിൽ സംസാരിക്കാൻ സമ്മതിക്കില്ലെന്നു പറഞ്ഞാൽ എന്തു ചെയ്യും? ഒടുവിൽ വിദ്യാർത്ഥികൾ ബസ് തടഞ്ഞു. നാട്ടുകാരും ഒപ്പംകൂടി. തെറ്റ് ആവർത്തിക്കില്ലെന്ന് ബസ് ജീവനക്കാർ പറഞ്ഞെങ്കിലും 'ആവർത്തനം' എപ്പോൾ വേണമെങ്കിലും ഉണ്ടാവാമെന്നാണ് വിദ്യാർത്ഥികളുടെ പക്ഷം.

സ്വകാര്യ ബസ് ജീവനക്കാരും വിദ്യാർത്ഥികളും തമ്മിലുള്ള തർക്കം മാവേലിക്കരയിൽ പതിവാകുകയാണ്. ബസിൽ കയറുന്ന കുട്ടികൾ കലപില കൂട്ടാൻ പാടില്ലെന്നാണ് ജീവനക്കാരുടെ നിലപാട്. അഥവാ, സംസാരിച്ചാൽ പരസ്യമായി അധിക്ഷേപിക്കും. കുട്ടികൾ ശബ്ദമുണ്ടാക്കുന്നുണ്ടോ എന്നു ശ്രദ്ധിക്കാൻ ബസിലുള്ള ആരെയെങ്കിലുമൊക്കെ ജീവനക്കാർ ചട്ടംകെട്ടാറുണ്ടത്രെ!

കഴിഞ്ഞ ദിവസം മാവേലിക്കരയിൽ നിന്നു ബസിൽ കയറിയ വിദ്യാർത്ഥികളെ ഇത്തരത്തിൽ അസഭ്യം പറഞ്ഞു. തുടർന്ന് ഇന്നലെ രാവിലെ 8.30ന് ഭഗവതിപ്പടി ജംഗ്ഷനിൽ 'തൈശേരിൽ' എന്ന സ്വകാര്യ ബസ് വിദ്യാർത്ഥികൾ സംഘടിച്ചെത്തി തടഞ്ഞിട്ടു. നാട്ടുകാരും ഇടപെട്ടതോടെ ഇനി മോശമായി പെരുമാറില്ലെന്ന് ബസ് ജീവനക്കാർ ഉറപ്പു നൽകിയ ശേഷമാണ് വിദ്യാർത്ഥികൾ പിരിഞ്ഞു പോയത്.

അനുവദിക്കപ്പെട്ട സ്റ്റോപ്പുകളിൽ രാവിലെയും വൈകിട്ടും ബസ് നിറുത്തുന്നില്ലെന്നും പരാതിയുണ്ട്. ചെട്ടികുളങ്ങര ഹൈസ്കൂളിന് സമീപം തട്ടയ്ക്കാട്ടുപടി, മറ്റം സെന്റ് ജോൺസ് ഹൈസ്കൂൾ എന്നീ സ്റ്റോപ്പുകളിലാണ് സ്വകാര്യ ബസുകൾ നിറുത്താത്തത്. വിദ്യാർത്ഥികൾ പലതവണ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല.

രാവിലെ സെന്റ് ജോൺസ് സ്കൂളിനു മുന്നിൽ ഇറങ്ങേണ്ട വിദ്യാർത്ഥികളെ കായംകുളത്തു നിന്നുള്ള ബസുകൾ പനച്ചമൂട്ടിലാണ് ഇറക്കുന്നത്. യൂണിഫോം ഉണ്ടെങ്കിൽ കൺസഷൻ നൽകണമെന്ന തീരുമാനവും ചില ബസ് ജീവനക്കാർ അംഗീകരിക്കുന്നില്ല. കൺസഷൻ കാർഡിനു പകരം ഐ.ഡി കാർഡ് കാണിച്ചാലും കണ്ടക്ടർമാർക്ക് ദഹിക്കില്ലെന്ന് പരാതിയുണ്ട്.