കറ്റാനം: കട്ടച്ചിറ യാക്കോബായ സുറിയാനി പള്ളിയിലെ സംസ്കാരത്തർക്കം പരിഹരിക്കാൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വിളിച്ച് ചേർത്ത യോഗം വീണ്ടും പരാജയപ്പെട്ടു. യാക്കോബായ സഭാംഗം കട്ടച്ചിറ ,പളളിക്കിലേത്ത് വർഗീസ് മാത്യുവിന്റെ (95) സംസ്കാരത്തെച്ചൊല്ലി യാക്കോബായ-ഓർത്തഡോക്സ് വിഭാഗം തമ്മിലാണ് തർക്കം. കഴിഞ്ഞ ശനിയാഴ്ചയാണ് വർഗീസ് മാത്യു മരിച്ചത്. വർഗീസ് മാത്യുവിന്റെ ചെറുമകനായ പുരോഹിതനെ സംസ്കാര ശുശ്രൂഷയ്ക്ക് പളളിയിൽ പ്രവേശിപ്പിക്കണമെന്നാണ് യാക്കോബായ സഭയുടെ ആവശ്യം .എന്നാൽ ഈ വാദം അംഗീകരിക്കാൻ ഒാർത്തഡോക്സ് വിഭാഗം അംഗീകരിക്കുന്നില്ല. ഇന്നലെ ആലപ്പുഴ കളക്ടറേറ്റിൽ കളക്ടർ എസ്. സുഹാസ്, ജില്ലാ പൊലീസ് മേധാവി സുരേന്ദ്രൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ യാക്കോബായ വിഭാഗവുമായി നടത്തിയ ചർച്ചയാണ് തീരുമാനമാകാതെ പിരിഞ്ഞത്. വ്യാഴാഴ്ച കറ്റാനം ഗവ. റസ്റ്റ് ഹൗസിൽ ഇരുവിഭാഗവുമായി ജില്ലാ ഭരണകൂടം നടത്തിയ ചർച്ചയും തീരുമാനമാകാതെ പിരിയുകയായിരുന്നു. ഇരു വിഭാഗവും തമ്മിൽ വർഷങ്ങളായി ആരാധനാവകാശത്തെ ചൊല്ലി തർക്കം നിലനിന്നിരുന്നു. ഒടുവിൽ ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായി സുപ്രീം കോടതി വിധി പുറപ്പെടുവിക്കുകയും ചെയ്തു. വ്യാഴാഴ്ച മൃതദേഹം അടക്കം ചെയ്യാൻ പള്ളിയിൽ എത്തിച്ചപ്പോൾ എതിർപ്പുമായി ഒാർത്തഡോക്സ് വിഭാഗം എത്തി.റവന്യു അധികാരികൾ സ്ഥലത്ത് എത്തി പ്രശ്ന പരിഹാരത്തിന് ശ്രമിച്ചെങ്കിലും ഇരുവിഭാഗങ്ങൾക്കുമിടയിൽ മഞ്ഞുരുകിയില്ല. വർഗീസ് മാത്യുവിന്റെ മൃതദേഹം മൊബൈൽ മോർച്ചറിയിൽ വീട്ടിൽ സൂക്ഷിച്ചിരിക്കുകയാണ്.