tv-r
പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്കൂളുകളിൽ പ്രഭാത ഭക്ഷണം നല്കുന്ന പദ്ധതി രണ്ടാം വർഷത്തിലേക്ക് കടന്നതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി.എം. ഷെരീഫ് നിർവ്വഹിക്കുന്നു

തുറവൂർ: പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്കൂളുകളിൽ പ്രഭാത ഭക്ഷണം നല്കുന്ന പദ്ധതി രണ്ടാം വർഷത്തിലേക്ക്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഏഴു സ്കൂളുകളിലായി 1,302 കുട്ടികൾക്കാണ് ഭക്ഷണം നൽകുന്നത്.

'അക്ഷര വഴിയിൽ വയറെരിയാതിരിക്കാൻ' എന്ന് പേരിട്ടിരിക്കുന്ന പ്രഭാത ഭക്ഷണ വിതരണ പദ്ധതി പട്ടണക്കാട് ഹൈസ്ക്കൂൾ, കോനാട്ടുശ്ശേരി എൽ.പി.എസ്, ഉഴുവ യു.പി.എസ്, കുന്നുംപുറം എൽ.പി.എസ് പട്ടണക്കാട് എൽ.പി.എസ്, പാറയിൽ എൽ.പി.എസ്, അഴീക്കൽ ബി.ബി.എം എൽ.പി.എസ് എന്നിവിടങ്ങളിലാണ് നടപ്പാക്കിയിട്ടുള്ളത്. 12 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തുന്നത്. പട്ടണക്കാട് ഗവ. ഹൈസ്കൂളിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ടി.എം. ഷെരീഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മഞ്ജു ബേബി അദ്ധ്യക്ഷയായി. പഞ്ചായത്ത് സെക്രട്ടറി ജി.രാജേന്ദ്രൻ, അംഗങ്ങളായ എം.എസ്. സുമേഷ്, ആർ.ഡി. രാധാകൃഷ്ണൻ, പി.ടി.എ പ്രസിഡന്റ് എ.എസ്. രാജേഷ്, പ്രധാനാദ്ധ്യാപിക ഗീതാഞ്ജലി തുടങ്ങിയവർ സംസാരിച്ചു.