ആലപ്പുഴ: സമയത്തെ തോൽപ്പിക്കാൻ കരുത്ത് ആവാഹിച്ച് തുഴകളും പങ്കായങ്ങളും നീട്ടിയെറിഞ്ഞ് ഓരോ വള്ളവും കുതിച്ചപ്പോൾ പുന്നമടക്കായലിന്റെ കരയിൽ കൂടിയ കാണികൾ ആവേശത്തിൽ മുങ്ങി.
ചെറുവള്ളങ്ങളുടെ ഹീറ്റ്സ് രാവിലെ ആയതിനാൽ കാണികൾ നേരത്തെ എത്തിയിരുന്നു. ഗ്യാലറിയും വി.ഐ.പി പവലിയനും മുൻ കാലത്തെ പോലെ നിറഞ്ഞിരുന്നില്ല. വള്ളംകളി കാണാൻ വിദേശികളുടെ എണ്ണവും കുറവായിരുന്നു.

ഉച്ചകഴിഞ്ഞ് ചുണ്ടൻ വള്ളങ്ങളുടെ ആദ്യ ഹീറ്റ്സ് ആരംഭിച്ചതോടെ കായൽക്കരയിലും ഗ്യാലറികളിലും എല്ലാം കാണികൾ ആവേശത്തിലായി. ഹൗസ് ബോട്ടുകളിലും മോട്ടോർ ബോട്ടുകളിലും കാണികൾ നിരന്നു. മികച്ച സമയം നോക്കി ഫൈനലിലേക്ക് വള്ളങ്ങളെ തിരഞ്ഞെടുക്കുന്നതിനാൽ ഹീറ്റ്സ് ആരംഭിച്ചപ്പോൾ തന്നെ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. മിക്ക ചുണ്ടനുകളും നാലര മിനിറ്റിനുള്ളിൽ ഫിനിഷ് ചെയ്തു.
ചുണ്ടൻവള്ളങ്ങൾ ഫിനിഷിംഗ് പോയിന്റിലേക്ക് അടുത്തപ്പോൾ വി.ഐ.പി പവലിയനിലിരുന്ന കാണികളും ആർപ്പുവിളികളുമായി ഏഴുന്നേറ്റു. മത്സരത്തിന്റെ തുടക്കം മുതൽ അവസാനം വരെ മന്ത്രി ഡോ. ടി.എം.തോമസ് ഐസക്ക് വി.ഐ.പി പവലിയനിൽ ഇരുന്ന് കാര്യങ്ങൾ നിയന്ത്രിച്ചു. ദേശീയഗാനാലാപനത്തിലെ താളപ്പിഴ മത്സരത്തിന്റെ ഇടയ്ക്കും സംഭവിച്ചു. ചുണ്ടൻ വള്ളങ്ങളുടെ രണ്ടാം പാദ മത്സരത്തിൽ സ്റ്റാട്ടിംഗിൽ പ്രശ്നമുണ്ടായതിനാൽ 15മിനിട്ടും ചുണ്ടന്റെ പ്രദർശന മത്സരത്തിൽ ഒരുചുണ്ടൻ മുങ്ങിയതിനാൽ 45 മിനിട്ടും മത്സരങ്ങൾ വൈകി. ഹരിതപ്രോട്ടോകോൾ പാലിക്കുന്നതിൽ നഗരസഭയും ജാഗ്രതയോടെെ പ്രവർത്തിച്ചു. ചുണ്ടൻ വള്ളങ്ങളുടെ മത്സരങ്ങൾ ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും 30മിനിട്ട് വൈകിയാണ് ആരംഭിച്ചത്. ഫലപ്രഖ്യാപനത്തിൽ ഡിജിറ്റൽ സംവിധാനം ആയതിനാൽ തർക്കങ്ങൾക്ക് ഇടവന്നില്ല.