ആലപ്പുഴ : ജലപ്രളയം കൊണ്ടുപോയത് നൂറുകണക്കിന് തേനിച്ച കോളനികൾ. എന്നാൽ സംസ്ഥാനത്തെ കാർഷിക മേഖലയിലെ പ്രളയ നഷ്ടക്കണക്കുകളുടെ പട്ടികയിൽ തേനീച്ച കർഷകർക്ക് ഇടമില്ല. വിവര ശേഖരണവും നഷ്ട പരിഹാരവും വേണമെന്ന ആവശ്യമാണ് കർഷകർക്കുള്ളത്. പെട്ടികളിൽനിന്ന് തേൻ ശേഖരണം പൂർത്തിയായ സമയത്താണ് പ്രളയം ഉണ്ടായത്. എന്നാൽ കോളനികൾ നഷ്ടപ്പെട്ടത് കർഷകന് കനത്ത തിരിച്ചടിയാണ്. സെപ്തംബറോടെ കോളനികൾ വിഭജിച്ച് പുതിയ കോളനികൾക്ക് രൂപം നൽകേണ്ടതായിരുന്നു. ഒരു കോളനിയിൽനിന്ന് ഒരു വർഷം 10 കിലോ തേൻ ലഭിക്കും. ഒരു കിലോ തേനിന്ന് 330 മുതൽ 400 രൂപ വരെ ലഭിക്കാറുണ്ട്. ചെറുതേനിന് ഇതിന്റെ അഞ്ചിരട്ടിയിലധികം വില ഉയരാറുണ്ട്. ഒരു തേനീച്ച കോളനി വിഭജിച്ച് ഒരു വ‍ഷം കൊണ്ട് ഉത്പാദനം നാലിരട്ടിയാക്കാം. ഫലത്തിൽ ഒരു കോളനി നഷ്ടപ്പെടുമ്പോൾ 10,​ 000 മുതൽ 13,​ 000 രൂപ വരെയാണ് നഷ്ടം. ജില്ലയിൽ ചെറിയനാട്,​ ചെങ്ങന്നൂർ എന്നിവിടങ്ങളിൽ വലിയ.തോതിൽ തേനീച്ച കോളനികൾ നഷ്ടപ്പെട്ടു. മറ്റിടങ്ങളിലും നദീ തീരങ്ങളിലും താണ ,​സ്ഥലങ്ങളിലുമുള്ള കർഷകർക്ക് നഷ്ടം നേരിട്ടിട്ടുണ്ട്.

വിവര ശേഖരണം

പ്രളയത്തിനുശേഷം ഹോർട്ടി കോർപ്പ് തേനീച്ച കർഷകരുടെ നഷ്ടത്തിന്റെ വിവര ശേഖരണം നടത്തുന്നുണ്ട്.കൃഷി ഒാഫീസർമാരുടെ സാക്ഷ്യപത്രം കൂടി ഉൾപ്പെടുത്തി കർഷകരുടെ നിവേദനം സർക്കാരിന് സമർപ്പിക്കാനുള്ള ശ്രമം നടക്കുന്നു.