ഹരിപ്പാട്: മഹാപ്രളയശേഷം നടന്ന നെഹ്റുട്രോഫി മത്സരജലമേളയിൽ പായിപ്പാടൻ കിരീടം നേടിയതിൽ പായിപ്പാട് ഗ്രാമത്തിൽ വാനോളം ആവേശം . പള്ളാതുരുത്തി ബോട്ട് ക്ലബാണ് ഇത്തവണ പുന്നമട കായലിൽ പായിപ്പാടിനുവേണ്ടി തുഴയെറിഞ്ഞത്. നാലാം തവണയാണ് പായിപ്പാടൻ നെഹ്റുട്രോഫിയിൽ മുത്തമിടുന്നത്. ഫലമറിഞ്ഞതോടെ കരക്കാർ ആഹ്ളാദപ്രകടനം നടത്തി. ഹരിപ്പാട് - വീയപുരം റോഡിലാണ് ആഹ്ലാദപ്രകടനം നടന്നത്. പടക്കം പൊട്ടിച്ചും ആനന്ദ നൃത്തംചെയ്തും വഴിയാത്രക്കാർ
ർക്ക് മധുരം വിളമ്പിയുമാണ് ആഹ്ലാദപ്രകടനം നടത്തിയത്. ഇരുചക്രവാഹനങ്ങളിൽ തുഴയേന്തി വള്ളപ്പാട്ടുപാടിയും യുവാക്കൾ സന്തോഷം പങ്കുവച്ചപ്പോൾ സ്ത്രീകൾ പൂത്തിരികത്തിച്ചും, തിരുവാതിരകളിച്ചും ആഹ്ലാദത്തിൽ പങ്കുചേർന്നു. പള്ളാത്തുരുത്തിയിലും ആഹ്ലാദപ്രകടനം നടന്നു. ഇരുകരകളിലെയും സന്തോഷം സമൂഹമാദ്ധ്യമങ്ങളിലൂടെ ഷെയർ ചെയ്തത് വേറിട്ട കാഴ്ചയായി.