nehru-trophy

ആലപ്പുഴ : പ്രളയത്തെ വഞ്ചിപ്പാടകലെ പിന്നിലാക്കി ആവേശം മുന്നേറിയപ്പോൾ പുന്നമടക്കായലി​ൽ, ആർത്തുവി​ളി​ച്ച കാണി​കളെ സാക്ഷി​യാക്കി​ ജയിംസ് കുട്ടി ജേക്കബ് ക്യാപ്ടനായ പള്ളാത്തുരുത്തി ബോട്ട് ക്ളബിന്റെ പായിപ്പാടൻ ചുണ്ടൻ നെഹ്റു ട്രോഫിയി​ൽ വീണ്ടും മുത്തമി​ട്ടു. ജില്ലാ പൊലീസ് മേധാവി കെ.സുരേന്ദ്രൻ ക്യാപ്ടനായ കേരള പൊലീസ് ക്ളബ് തുഴഞ്ഞ മഹാദേവി​കാട് കാട്ടി​ൽ തെക്കതി​ൽ ചുണ്ടനാണ് രണ്ടാം സ്ഥാനം. പായിപ്പാടൻ നാല് മിനിട്ട് 28 സെക്കൻഡി​ലും, കാട്ടിൽ തെക്കേതിൽ നാല് മിനിട്ട് 39.14സെക്കൻഡി​ലുമാണ് ഫിനിഷ് ചെയ്‌തത്. നാലാം തവണയാണ് പായിപ്പാടൻ നെഹ്റുട്രോഫി നേടുന്നത്. ഹാട്രിക് ജേതാവായ പായിപ്പാടൻ 2005, 06, 07 വർഷമാണ് തുടർച്ചയായി നെഹ്റുട്രോഫിയിൽ വിജയിച്ചത്. പ്രളയത്തെ തുടർന്ന് മാറ്റിവയ്ക്കപ്പെട്ട നെഹ്റു ട്രോഫി ഇന്നലെയാണ് പുന്നമടക്കായലിൽ അരങ്ങേറിയത്.

രാജേഷ് ആർ. നായർ ക്യാപ്ടനായ കൈനകരി​ യുണൈറ്റഡ് ബോട്ട് ക്ളബിന്റെ ആയാപാറമ്പ് പാണ്ടി (4 മി​നി​ട്ട് 39.54 സെക്കൻഡ്) മൂന്നും, മോൻസ് ക്യാപ്‌ടനായ കുമരകം കൈപ്പുഴമൂട് എൻ.സി.ഡി.സിയുടെ ചമ്പക്കുളം (4 മി​നി​ട്ട് 39.67 സെക്കൻഡ്) നാലാം സ്ഥാനവും നേടി.

ലൂസേഴ്സ് ഫൈനലിൽ കെ.പി. ഫ്രാൻസിസ് ക്യാപ്ടനായ എടത്വ വില്ലേജ് ബോട്ട്ക്ളബിന്റെ ഗബ്രിയേൽ ഒന്നും, സന്തോഷ് ടി. കുരുവിള ക്യാപ്ടനായ കുമരകം കെ.ബി.സി, എസ്.എഫ്.ബി.സിയുടെ കാരിച്ചാൽ രണ്ടും, സനീഷ് ക്യാപ്ടനായ കുമരകം വേമ്പനാട് ബോട്ട്ക്ളബിന്റെ ദേവാസ് മൂന്നും, ലാലിച്ചൻ നയി​ച്ച കുമരകം ടൗൺബോട്ട് ക്ളബിന്റെ നടുഭാഗം നാലാം സ്ഥാനവും നേടി.

മത്സര വള്ളംകളി ഗവർണർ പി. സദാശിവം ഉദ്ഘാടനം ചെയ്തു. മന്ത്രി ടി.എം. തോമസ് ഐസക് അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ പി. തിലോത്തമൻ, കടകംപള്ളി സുരേന്ദ്രൻ, സി​നി​മാ നടൻ അല്ലു അർജുൻ, കെ.സി. വേണുഗോപാൽ എം.പി, എം.എൽ.എമാരായ എ.എം. ആരി​ഫ്, യു. പ്രതിഭ, ആർ. രാജേഷ്, സജിചെറിയാൻ, തോമസ് ചാണ്ടി എന്നിവർ സംസാരിച്ചു. വിജയികൾക്ക് മന്ത്രി തോമസ് ഐസക് ട്രോഫികൾ വിതരണം ചെയ്തു. നടൻ അല്ലു അർജുനും കേരള ബ്ളാസ്റ്റേഴ്സ് ഫുട്‌ബാൾ ടീം അംഗങ്ങളും കാണികൾക്ക് ആവേശമേകാനെത്തിയിരുന്നു.