ചാരുംമൂട്: ചുനക്കര പോസ്റ്റ് ഒാഫീസിലെ ഇടപാടുകാരുടെ പണവുമായി മുങ്ങിയ മഹിളാപ്രധാൻ ഏജന്റിനെ അഞ്ചുമാസത്തിനുശേഷം ലോഡ്ജിൽ നിന്ന് പിടികൂടി . ചുനക്കര തെക്കുംമുറി കാട്ടൂർ തെക്കേതിൽ സുരാലയത്തിൽ സുധർമ്മയാണ് (45) പിടിയിലായത്. പോസ്റ്റ് ഓഫീസിലെ സേവിംഗ് അക്കൗണ്ടിൽ അടയ്ക്കാൻ പത്ത് ഇടപാടുകാരിൽ നിന്ന് ശേഖരിച്ച ആറു ലക്ഷം രൂപയുമായി അഞ്ചുമാസംമുൻപാണ് ഇവർ മുങ്ങിയത്. ഇടപാടുകാരുടെ പരാതിയെത്തുടർന്ന് നൂറനാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരം പൂന്തുറയിലെ ലോഡ്‌ജിൽ നിന്ന് പിടികൂടിയത് .ഇവിടെ ഒളിച്ചു താമസിക്കുന്നതായി രഹസ്യവിവരത്തെത്തുടർന്ന് ഹൗസ് ഓഫീസർ വി.ബിജുവിന്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു.. പ്രതിയെ ഇന്ന് മാവേലിക്കര കോടതിയിൽ ഹാജരാക്കും. സീനിയർ പൊലീസ് ഓഫീസർമാരായ നെജി, രജീന്ദ്രദാസ്, വനിത സിവിൽ ഓഫീസർ അനിത, വട്ടിയൂർക്കാവ് സ്റ്റേഷൻ സീനിയർ ഓഫീസർ അജയ് ശേഖർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.