ആലപ്പുഴ: മത്സ്യ ക്ഷാമം രൂക്ഷമായതോടെ മീനുകൾക്ക് പൊള്ളുന്ന വില. തീരദേശ മേഖല വറുതിയിലേക്ക് നീങ്ങുകയാണ്.രണ്ടാഴ്ചയായി മത്സ്യക്ഷാമം അതിരൂക്ഷമായി തുടരുന്നു. തോട്ടപ്പള്ളി തുറമുഖം,പുന്നപ്ര ഫിഷിംഗ് ലാൻഡ് എന്നിവിടങ്ങളിൽ മീൻ ആവശ്യത്തിന് എത്താത്തിനാൽ മത്സ്യ വില്പനക്കാർ വെറും കൈയോടെ മടങ്ങുകയാണ്. ചാകര സീസണിൽ ഒരു കിലോ അയല 50 രൂപയായിരുന്ന സ്ഥാനത്ത് ഇന്നലെ 200ന് മുകളിലാണ് വില.

കാലാവസ്ഥയിലുണ്ടായ വ്യതിയാനമാണ് മത്സ്യക്ഷാമത്തിന് കാരണമെന്ന് മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. മീൻ കുറവായതിനാൽ വള്ളങ്ങൾ കടലിൽ ഇറക്കാൻ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ മടിക്കുന്ന സാഹചര്യമാണ്. മത്സ്യം വിറ്റുകിട്ടുന്ന തുക ഇന്ധനചിലവിനുപോലും തികയുന്നില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്.

മത്സ്യക്ഷാമം വിപണിയെയും ബാധിച്ച് തുടങ്ങി. ചെറിയ മത്സ്യങ്ങൾ മാത്രമാണ് വിപണിയിൽ .അതിനാൽ ദിവസവും മത്സ്യ വില കൂടുകയാണ്.അമ്പത് രൂപ മുതൽ 100 വരെ വിലവർദ്ധനയുണ്ട്. ജില്ലയിൽ പരമ്പാരഗത വള്ളങ്ങളിൽ മീൻ പിടിക്കുന്നവർക്കാണ് കൂടുതൽ ദുരിതം.ഇവിടുത്തെ കടലിനെ മാത്രമാണ് ഇവർ ആശ്രയിക്കുന്നത്. കൊല്ലം,കൊച്ചി മേഖലകളിൽമത്സ്യ ബന്ധനത്തിന് പോവുന്നവർലഭിക്കുന്ന മത്സ്യം ഇവിടെ കൊണ്ടുവെന്ന് ഇരട്ടി വിലയ്ക്കാണ് വിൽക്കുന്നത്. മത്സ്യക്ഷാമം മുതലെടുത്ത് ഇതര സംസ്ഥാന മത്സ്യ ലോബികളും വിപണി കൈയടക്കുന്നുണ്ട്. തീരത്തെ വറുതി എെസ് ഫാക്ടറികളുടെ പ്രവർത്തനത്തെയും ബാധിച്ചിട്ടുണ്ട്.. തീരം കരിഞ്ഞ് ഉണങ്ങുമ്പോൾ അനുബന്ധമേഖലകൾ നഷ്ടത്തിലാകുന്ന സാഹചര്യമാണെന്ന് മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു.

........

 മത്സ്യ വില ഇന്നലെ (ബ്രാക്കറ്റിൽ പഴയ വില)

# മത്തി: 160(100)

# അയല: 180(120)

# വറ്റ: 200(130)

# പൂവാലൻ ചെമ്മീൻ: 320(200)

# ചൂര: 190(140)

..................

'' മത്സ്യമേഖല കടുത്ത പ്രതിസന്ധി നേരിടുന്നു. കൊച്ചി, കൊല്ലം എന്നിവിടങ്ങളിൽ നിന്നാണ് മീനുകൾ എത്തുന്നത്. ഇതിന് വില കൂടുതലാണ്. തോട്ടപ്പള്ളി,പുന്നപ്ര എന്നിവിടങ്ങളിൽ നിന്ന് നാമമാത്രമായ മത്സ്യം ലഭിക്കുന്നുണ്ട്. സബ്സിഡി നല്കി മത്സ്യത്തൊഴിലാളികളെ കരകയറ്റണമെന്ന ആവശ്യം ശക്തമാണ്.

(ലാൽ,മത്സ്യത്തൊഴിലാളി)