കായംകുളം: യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് (യു.ഐ.എം) കായംകുളത്ത് ആരംഭിക്കാൻ കേരള സർവ്വകലാശാല തീരുമാനിച്ചതായി സിൻഡിക്കേറ്റ് അംഗം അഡ്വ. കെ.എച്ച്. ബാബുജാൻ അറിയിച്ചു.

എം.ബി.എ, ബി.ബി.എ കോഴ്സുകൾ നടത്തുന്ന യു.ഐ.എം അടുത്ത അദ്ധ്യയന വർഷം തന്നെ ആരംഭിക്കും. എം.എൽ.എയും നഗരസഭയും ഇതിനാവശ്യമായ സ്ഥലം ഒരുക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. കായംകുളം ടീച്ചർ എഡ്യൂക്കേഷൻ സെന്ററിൽ എം.എൽ.എ ഫണ്ടിൽനിന്നു പണി പൂർത്തിയാക്കുന്ന കെട്ടിടത്തിനു മുകൾനില പണിയാൻ അഡ്വ. കെ. സോമപ്രസാദ് എം.പിയുടെ ഫണ്ടിൽ നിന്നു 33 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. സർവ്വകലാശാലയുടെ ആലപ്പുഴ കേന്ദ്രത്തിൽ വിവിധ പദ്ധതികൾക്കായി ബഡ്ജറ്റിൽ അനുവദിച്ച 40 ലക്ഷം കൂടാതെ 53 ലക്ഷം കൂടി പുതുതായി അനുവദിക്കും. വിദ്യാർത്ഥികൾക്ക് ഡിഗ്രി സർട്ടിഫിക്കറ്റ് ഒഴികെ മറ്റെല്ലാ സർട്ടിഫിക്കറ്റുകളും ഇവിടെ നിന്നു നൽകാനാണ് ലക്ഷ്യമിടുന്നത്. ലൈബ്രറി സൗകര്യങ്ങൾ വിപുലപ്പെടുത്തി റൂറൽ സ്റ്റഡി ആൻഡ് റിസർച്ച് സെന്റർ ആരംഭിച്ച് പി.ജി കോഴ്സും പി.എച്ച്.ഡിയും തുടങ്ങിയും. ജില്ലയിലെ ഏഴ് പുതിയ യു.ഐ.ടികളിലും മുഴുവൻ സമയ പ്രിൻസിപ്പൽമാരെ നിയമിക്കാനും സിൻഡിക്കേറ്റ് തീരുമാനിച്ചതായി കെ.എച്ച്. ബാബുജാൻ അറിയിച്ചു.