a
തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരം കാടുപിടിച്ച നിലയിൽ

തുറവൂർ: പ്രതിദിനം നൂറുകണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരം കാടുകയറിയിട്ടും യാതൊരു നടപടിയുമില്ല.

എറണാകുളത്തിനും ചേർത്തലയ്ക്കുമിടയിലെ പ്രധാനപ്പെട്ട ക്രോസിംംഗ് സ്റ്റേഷനാണ് തുറവൂർ. ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പുള്ളതിനാൽ രാപ്പകൽ നൂറു കണക്കിന് യാത്രക്കാരുടെ സാന്നിദ്ധ്യമേറെ. കാടു പിടിച്ചു കിടക്കുന്നതിനാൽ പ്ലാറ്റ്ഫോമിൽ പോലും യാത്രക്കാർ ഭീതിയോടെയാണ് നിൽക്കുന്നതും വന്നിറങ്ങുന്നതുമെല്ലാം. കുറ്റിക്കാട് നിറഞ്ഞ സ്റ്റേഷൻ പരിസരം കഞ്ചാവ്, മയക്കു മരുന്ന് വില്പനക്കാരുടെയും 'ഉപഭോക്താ'ക്കളുടേയും ഇഷ്ടകേന്ദ്രമായി മാറിയിട്ട് കാലമേറെയായി.

കുത്തിയതോട് പഞ്ചായത്ത് പരിധിയിൽ വരുന്ന ഇവിടെ നിരന്തര പരാതികളെ തുടർന്ന് വർഷങ്ങൾക്കു മുൻപ് കുറ്റിക്കാട്ടുകൾ വാർഡംഗത്തിന്റെെ നേതൃത്വത്തിൽ വെട്ടിമാറ്റിയിരുന്നു. റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡുകളുടെ ഇരുവശവും ഇപ്പോൾ കാടുകയറിയ നിലയിലാണ്. കഞ്ചാവ് സംഘത്തിൽപ്പെട്ട യുവാക്കൾ ബാഗുകളുമായി ട്രെയിനുകളിലും മറ്റും എത്തി പരിസരത്തെ കുറ്റിക്കാടുകളിലാണ് തമ്പടിക്കുന്നത്. ഇത് ചോദ്യം ചെയ്യുന്ന പ്രദേശവാസികളെ ആക്രമിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും പതിവാണ്. സ്ത്രീകൾ ഉൾപ്പടെയുള്ള യാത്രക്കാരും നാട്ടുകാരും പല തവണ പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല.

......................................................

''പ്ലാറ്റ്ഫോമിന്റെ ഇരുവശങ്ങളിലെയും കുറ്റിക്കാട് വെട്ടിത്തെളിച്ച് ശുചീകരിക്കാനുള്ള അധികാരം സ്റ്റേഷൻ മാസ്റ്റർക്കാണ്. കരാർ ജോലിക്ക് ആളെ കിട്ടാത്തതാണ് തടസം. അടിയന്തരമായി നടപടികൾ സ്വീകരിക്കും''

(സ്റ്റേഷൻ അധികൃതർ)