haridas

ഹരിപ്പാട്: ഐ.എൻ.ടി.യു.സി ആലപ്പുഴ ജില്ലാ പ്രസിഡന്റ് മുതുകുളം വടക്ക് കോച്ചേവൂരേത്ത് എൻ. ഹരിദാസ് (58) നിര്യാതനായി. രണ്ടു ദിവസമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെയാണ് മരിച്ചത്. മൃതദേഹം ഇന്ന് രാവിലെ 9.30ന് ഹരിപ്പാട് കോൺഗ്രസ് ഭവനിലും തുടർന്ന് സഹകരണബാങ്ക്, ഐശ്വര്യ പ്രദായിനി യു.പി സ്‌കൂൾ എന്നിവിടങ്ങളിൽ പൊതു ദർശനത്തിനുവച്ചശേഷം വൈകിട്ട് 3ന് വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: വീണ (എക്‌സി.എൻജിനിയർ നിർമിതി കേന്ദ്രം, എറണാകുളം). മകൻ: അനന്തു (രാജഗിരി പബ്ലിക് സ്‌കൂൾ, എറണാകുളം). ഇരുപതു വർഷമായി രാമപുരം വടക്ക് ഐശ്വര്യപ്രദായിനി 1493-ാം നമ്പർസഹകരണബാങ്ക് പ്രസിഡന്റാണ്. കരുവാറ്റ പാലാഴി ജഗദമ്മ സർ മെമ്മോറിയൽ ട്രസ്റ്റ് സെക്രട്ടറി, ഖാദി ബോർഡംഗം, ഇ.എസ്.ഐ ജില്ലാ അഡ്വൈസറി ബോർഡ് അംഗം, സെൻട്രൽ ആൻഡ് സ്‌റ്റേറ്റ് പബ്‌ളിക് സെക്ടർ എംപ്ലോയിസ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, ഐശ്വര്യ പ്രദായിനി യു.പി സ്‌കൂൾ മാനേജർ, 1059-ാം നമ്പർ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു വരികയായിരുന്നു. ഐ.എൻ.ടി.യു.സിയുടെ വിവിധ ട്രേഡ് യൂണിയനുകളുടെ ജില്ലാ നേതൃസ്ഥാനവും വഹിച്ചു വരികയായിരുന്നു.

നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളേജ് യൂണിയൻ ചെയർമാൻ, കെ.എസ്.യു. ജില്ലാ സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്, ഹരിപ്പാട് മെഡിഫെസ്റ്റ് ജനറൽ കൺവീനർ, മുതുകുളം ഗ്രാമപഞ്ചായത്തംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.