ചാരുംമൂട്: ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങൾ സംരക്ഷിക്കാനായി പന്തളം കൊട്ടാരത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന അയ്യപ്പ ജ്യോതിരഥ യാത്രയ്ക്ക് നൂറനാട്ട് ഉജ്ജ്വല സ്വീകരണം.
ഒൻപതിനു രാവിലെ റാന്നി പെരുനാട് കക്കാട്ട് കോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നായിരുന്നു തുടക്കം. ജില്ലയിൽ കായംകുളം പുതിയിടം ക്ഷേത്രത്തിൽ നിന്നാരംഭിച്ച് ഓച്ചിറ, കുറക്കാവ്, കട്ടച്ചിറ ചെറുമണ്ണിൽ, വെട്ടിക്കോട് ശ്രീ നാഗരാജ സ്വാമി ക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പന്ത്രണ്ടിനു നൂറനാട് മുതുകാട്ടുകര ക്ഷേത്ര ജംഗ്ഷനിൽ എത്തിച്ചേർന്നു. നൂറനാട് - പാലമേൽ പഞ്ചായത്ത് പ്രദേശങ്ങളിലെ 36 എൻ.എസ്.എസ് കരയോഗങ്ങൾ സംയുക്തമായി രഥയാത്രയെ സ്വീകരിച്ചു. മുതുകാട്ടുകരയിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ പന്തളം കൊട്ടാരം നിർവാഹക സംഘം സെക്രട്ടറി നാരായണ വർമ്മയേയും അയ്യപ്പ സംരക്ഷണ ധർമ്മസമിതി ജില്ലാ വൈസ് പ്രസിഡൻറ് കെ.ആർ.രവി, പന്തളം കൊട്ടാര ധർമ്മസമിതി പ്രസിഡൻറ് മൃത്യു പാൽ എന്നിവരെയും കൊട്ടാരം നിർവാഹക സമിതി അംഗങ്ങളേയും ഘോഷയാത്രയായി പടനിലം പരബ്രഹ്മ ക്ഷേത്രഭൂമിയിലേക്ക് ആനയിച്ചു. ഇന്ന് വട്ടിക്കവല, ആവണീശ്വരം, പത്തനാപുരം, കുമ്പഴ, പത്തനംതിട്ട വഴി യാത്ര പന്തളം മണികണ്ഠനാൽത്തറയിലെത്തും.