പാറ കനാൽ ജംഗ്ഷൻ - എരുമക്കുഴിചന്ത - കെ.ഐ.പി കനാൽ റോഡ് തകർച്ചയിൽ
ചാരുംമൂട്: പാറ കനാൽ ജംഗ്ഷൻ - എരുമക്കുഴിചന്ത - കെ.ഐ.പി കനാൽ റോഡ് പൂർണ തകർച്ചയിൽ. വിവേകാനന്ദ വിദ്യാമന്ദിർ, എരുമക്കുഴിപബ്ലിക് മാർക്കറ്റ്,നൂറനാട് ജംഗ് ഷൻ, റേഷൻക്കടമുക്ക്, ചെമ്പകശേരിമുക്ക്, പാറ ജം ഗ്ഷൻ, തത്തം മുന്ന ക്ഷീരകർഷക സഹകരണസംഘം, കർഷകവിപണി, എസ്.ബി.ഐ എന്നിവിടങ്ങളിൽ എത്തിച്ചേരാനുള്ള ഏക എളുപ്പവഴിയാണ് അര കിലോമീറ്ററോളമുള്ള ഈ റോഡ്. പത്ത് സ്കൂൾ ബസുകളും, നൂറുകണക്കിനു ഇരുചക്രവാഹനങ്ങളും ദിവസവും റോഡിനെ ആശ്രയിക്കുന്നുണ്ട്. കെ.പി റോഡിൽ ഗതാഗത തടസമുണ്ടാകുമ്പോൾ വാഹനങ്ങൾ ഇതുവഴിയാണ് തുടർയാത്ര നടത്തുക. വർഷങ്ങൾക്കു മുൻപ് നാട്ടുകാരുടെ മുറവിളിയെ തുടർന്ന് കല്ലട ഇറിഗേഷൻ പദ്ധതിയുടെ ഫണ്ടിൽ ഉൾപ്പെടുത്തിയാണ് ടാറിംഗ് നടത്തി റോഡ് സഞ്ചാരയോഗ്യമാക്കിയത്. അഞ്ചു വർഷമായി റോഡ് തകർന്ന് തരിപ്പണമായി കിടക്കുന്നു. നാട്ടുകാർ നിരവധി തവണ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിലും പാറ പഞ്ചായത്തിലും പുനഃനിർമ്മാണം ആവശ്യപ്പെട്ട് പരാതികളും നിവേദനങ്ങളും നല്കിയിട്ടും നടപടിയില്ല.
മനസ് വച്ചാൽ നടക്കും
കല്ലട ഇറിഗേഷൻ വകുപ്പാണ് കനാൽ റോഡിന്റെ ഉടമസ്ഥർ. പണികൾ നടത്തുന്നതിന് പൊതുമരാമത്ത് നിരത്തുവിഭാഗത്തിന് ഫണ്ടില്ല. നിർമ്മാണ അനുമതി നല്കാൻ കെ.ഐ.പിയ്ക്കും അധികാരമില്ല. എന്നാൽ ബ്ളോക്ക് പഞ്ചായത്തോ, ഗ്രാമ പഞ്ചായത്തോ ആവശ്യപ്പെട്ടാൽ അറ്റകുറ്റപ്പണി നടത്താൻ കെ .ഐ .പി യിൽ നിന്ന് അനുമതി ലഭിക്കുമെന്നാണ് നാട്ടുകാരുടെ വാദം. നൂറനാട് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചു ലക്ഷം രൂപ ചിലവഴിച്ച് പാറ കനാൽ ഭാഗം മുതൽ തത്തംമുന്ന കിണറുവിള ഭാഗം വരെ ഭാഗം റോഡ് അറ്റകുറ്റപ്പണി നടത്തിയത് കെ. എെ.പിയുടെ അനുമതി വാങ്ങിയാണ് . ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തും പാലമേൽ ഗ്രാമ പഞ്ചായത്തുംപാറ കനാൽ ജംഗ്ഷൻ - എരുമക്കുഴിചന്ത - കെ.ഐ. പി കനാൽ റോഡിനോട് കാട്ടുന്ന ചിറ്റമ്മനയം അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.