കുഞ്ഞുങ്ങളുടെ സുരക്ഷ ഓർമ്മിപ്പിച്ച് നാളെ വീണ്ടുമൊരു ശിശുദിനം
ആലപ്പുഴ: അച്ഛനമ്മമാരും മക്കളും തമ്മിലുള്ള അകലം വർദ്ധിച്ചുകൊണ്ടിരിക്കെ നാളെ വീണ്ടുമൊരു ശിശുദിനംകൂടി വിരുന്നെത്തുന്നു. പൂമ്പാറ്റകളായി പാറിനടക്കുന്ന കുരുന്നുകൾ പോലും നരാധമൻമാരുടെ അതിക്രമങ്ങൾക്ക് ഇരയാവുന്ന സമകാലീന സാഹചര്യത്തിൽ, വീട്ടിലും വിദ്യാലയങ്ങളിലും ഉൾപ്പെടെ കുഞ്ഞുങ്ങളുടെ സംരക്ഷണം കൂടിയാണ് ഈ ശിശുദിനം ഓർമ്മിപ്പിക്കുന്നത്.
മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം കുറയുന്നതാണ് കുട്ടികളെ കുറ്റകൃത്യങ്ങളിലേക്ക് ഉൾപ്പെടെ നയിക്കുന്നതെന്ന് സ്കൂളുകളിൽ കൗൺസിലിംഗിന് നിയോഗിക്കപ്പെട്ടവർ പറയുന്നു. കുട്ടികളെ ചൂഷണം ചെയ്യുന്നവരെ ശിക്ഷിക്കുന്ന പോക്സോ നിയമം നിലവിൽ വന്നശേഷം ഒരോ വർഷവും ജില്ലയിൽ ഇത്തരം കേസുകളുടെ എണ്ണം വർദ്ധിക്കുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. പല കേസുകളിലും രണ്ടാനച്ഛൻമാരും അടുത്ത ബന്ധുക്കളുമൊക്കെയാണ് പ്രധാന പ്രതികൾ. അദ്ധ്യാപകർ പ്രതിസ്ഥാനത്തുവന്ന കേസുകളും അനവധി. ഇൗ വർഷം ജില്ലയിൽ കുട്ടികൾക്കെതിരെയുളള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 139 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കുട്ടികളെ കാണാതാകുന്ന സംഭവങ്ങളും ജില്ലയിൽ വർദ്ധിക്കുകയാണ്. 2005ൽ ആലപ്പുഴയിൽ നിന്ന് കാണാതായ ഏഴ് വയസുകാരൻ രാഹുലിനെ കണ്ടെത്താൻ സി.ബി.ഐ ഉൾപ്പെടെ രംഗത്തെത്തിയെങ്കിലും ഫലമുണ്ടായില്ല. കുട്ടികളെ കാണാതാകുന്നതിനു പിന്നിൽ തട്ടിക്കൊണ്ട് പോകലോ ഭിക്ഷാടന മാഫിയയോ മാത്രമല്ലെന്ന് പൊലീസ് പറയുന്നു. സാമൂഹ്യ സാഹചര്യങ്ങളും മാനസിക സംഘർഷങ്ങളും കാരണം വീടു വിട്ടിറിങ്ങുന്ന കേസുകളാണ് ജില്ലയിൽ കൂടുതലായും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുട്ടികളെ കാണാതായതുമായി ബന്ധപ്പെട്ട് ഇൗ വർഷം ജില്ലയിൽ റിപ്പോർട്ട് ചെയ്ത 89 കേസുകളിൽ ഒരു പെൺകുട്ടിയേയും ഒരു ആൺകുട്ടിയേയും ഇനിയും കണ്ടെത്തിയിട്ടില്ല.
...........................................................
'' പൊലീസിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് സ്കൂളുകളിൽ ബോധവത്കരണ ക്ലാസ് നടത്തുന്നുണ്ട്. കുട്ടി പൊലീസിലൂടെ സ്കൂളുകളിൽ നിന്ന് വരുന്ന കേസുകൾ പരിഹരിക്കുന്നുമുണ്ട്. കുട്ടികളുടെ പ്രശ്നങ്ങൾ ചോദിച്ച് മനസിലാക്കാൻ രക്ഷിതാക്കൾ സമയം കണ്ടെത്തണം. മാതാപിതാക്കൾ കുട്ടികളുടെ കാര്യത്തിൽ ഇടപെടാറില്ലെന്നാണ് പല കേസുകളിലും നിന്ന് വ്യക്തമാവുന്നത്''
(എസ്.സുരേന്ദ്രൻ, ജില്ലാ പൊലീസ് മേധാവി)
........................................................
ജില്ലയിൽ ഈവർഷം ഇതുവരെ റിപ്പോർട്ട് ചെയ്ത പോക്സോ കേസുകൾ
# ജനുവരി: 9
# ഫെബ്രുവരി: 9
# മാർച്ച്: 15
# ഏപ്രിൽ: 13
# മേയ്: 20 (വെക്കേഷൻ സമയം)
# ജൂൺ: 16
# ജൂലായ്: 11
# ആഗസ്റ്റ്: 13
# സെപ്തംബർ: 12
# ഒക്ടോബർ: .21
............................................
ചൈൽഡ് ലൈൻ ഹെൽപ് ലൈൻ നമ്പർ: 1098
.........................................