1
നായരുകുളം

കായംകുളം : മാലിന്യം നിറഞ്ഞ് ദുർഗന്ധം വമിയ്ക്കുന്ന പൊതുകുളം നാടിന് ശാപമാകുന്നു. കരീലക്കുളങ്ങര - ഫാക്ടറിപ്പടി റോഡിൽ പത്തിയൂർ പഞ്ചായത്ത് 14-ാം വാർഡിൽ വാലിയക്കുളങ്ങരയിലെ 'നായരുകുളം" എന്ന പൊതുകുളത്തിലാണ് മാലിന്യങ്ങൾ തിങ്ങിനിറഞ്ഞിട്ടുള്ളത്.

രാത്രികാലങ്ങളിൽ ദൂരസ്ഥലങ്ങളിൽ നിന്നു പോലും വാഹനങ്ങളിലെത്തി ഇറച്ചി മാലിന്യങ്ങൾ പ്ലാസ്റ്റിക് കവറുകളിലാക്കി ഈ കുളത്തിൽ തള്ളുന്നുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളുന്നത് കുളത്തിലെ മത്സ്യസമ്പത്തിന്റെ നാശത്തിന് കാരണമാകുന്നു. പ്രദേശത്ത് കൊതുകുശല്യവും വർദ്ധിച്ചു.

മാലിന്യങ്ങൾ അഴുകി അസഹനീമായ ദുർഗന്ധമാണ് കുളത്തിൽ നിന്ന് വമിക്കുന്നത്.കുളത്തിനു സമീപം താമസിക്കുന്നവരും ഇതുവഴി യാത്രചെയ്യുന്നവരും മൂക്കുപൊത്തി കഴിയേണ്ട ഗതികേടിലാണ്.

മാലിന്യം തള്ളുന്ന വിവരം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ നിരവധി തവണ കൊണ്ടുവന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് സമീപവാസികൾ പറയുന്നു. പണ്ടൊക്കെ പ്രദേശവാസികൾ കുളിക്കാനും വീട്ടിലെ മറ്റാവശ്യങ്ങൾക്കും കുളത്തിലെ ജലം ഉപയോഗിച്ചിരുന്നു. എന്നാൽ ഇപ്പോൾ പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക് കവറുകളും മറ്റ് മാലിന്യങ്ങളും ഈ കുളത്തിൽ നിറഞ്ഞുകിടക്കുകയാണ്.

കുളത്തിന് പിച്ചിംഗ് കെട്ടിയിട്ട് 15 വർഷങ്ങൾ പിന്നിട്ടു. ഇതിനു ശേഷം അറ്റകുറ്റപ്പണികൾ ചെയ്ത് നവീകരിക്കാതിരുന്നതിനാൽ പിച്ചിംഗ് മിക്ക ഭാഗങ്ങളിലും തകർന്ന നിലയിലാണ്. നാശത്തിലേക്ക് കൂപ്പുകുത്തുന്ന ഈ കുളം പഞ്ചായത്ത് അധികൃതർ ഇടപെട്ട് സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം .