ഇന്നും നാളെയും ഹയർ സെക്കൻഡറി വിഭാഗത്തിന് അവധി

കായംകുളം : എം.എസ്.എം ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. പ്രശ്നത്തിൽ ഇടപെടാൻ ചെന്ന വനിത പ്രിൻസിപ്പലിനും അദ്ധ്യാപകനും മർദ്ദനമേറ്റു. സംഘട്ടനത്തെ തുടർന്ന് ഇന്നും നാളെയും ഹയർ സെക്കൻഡറി വിഭാഗത്തിന് അവധി പ്രഖ്യാപിച്ചു.

പ്രിൻസിപ്പൽ ഷീല എബ്രഹാം (54)അദ്ധ്യാപകൻ ഷാജഹാൻ ( 40)​ എന്നിവർക്കാണ് അക്രമത്തിൽ പരിക്കേറ്റത്. പ്രിൻസിപ്പലിനെ കായംകുളം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെയാണ് പ്ളസ് വൺ,​ പ്ളസ് ടു വിദ്യാർത്ഥികൾ റാഗിംങിനെച്ചൊല്ലി ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്.

സംഘർഷം പുറത്തേക്ക് വ്യാപിച്ചതോടെ സഹികെട്ട നാട്ടുകാർ വിദ്യാർത്ഥികളെ കൈകാര്യം ചെയ്യാനെത്തിയതോടെ അവർ വീണ്ടും സ്കൂളിന് അകത്തേക്ക് പ്രവേശിച്ച് സംഘർഷം തുടർന്നു.

. വിദ്യാർത്ഥികളെ നിയന്ത്രിക്കാൻ എത്തിയപ്പോഴാണ് പ്രിൻസിപ്പലിനെയും അദ്ധ്യാപകരെയും ഒരു സംഘം വിദ്യാർത്ഥികൾ മർദ്ദിച്ചത്. മർദ്ദനമേറ്റ് നിലത്തുവീണ പ്രിൻസിപ്പലിനെ സഹഅദ്ധ്യാപകരാണ് എഴുന്നേൽപ്പിച്ചത്. ആഷിഖ് എന്ന വിദ്യാർത്ഥിയാണ് തന്നെ മർദ്ദിച്ചതെന്ന് പ്രിൻസിപ്പൽ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

ഏറെ നാളായി റാഗിംങിനെച്ചൊല്ലിയും മറ്റ് കാരണങ്ങളാലും പ്ളസ് വൺ, പ്ളസ് ടു വിദ്യാർത്ഥികൾ സംഘർഷം പതിവാണ്. രണ്ടാഴ്ച മുൻപ് ആറ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തിരുന്നു. സംഘർഷം പലപ്പോഴും പുറത്തേക്ക് വ്യാപിച്ച് ശല്യമാകുന്നതുകാരണമാണ് ഇത്തവണ നാട്ടുകാർ സംഘടിച്ചത്. പ്രിൻസിപ്പൽ പരാതി നൽകാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.