rff
ഷിനു

ഹരിപ്പാട്: എക്‌സൈസ് ഉദ്യോഗസ്ഥർ ചമഞ്ഞു കവർച്ച നടത്തിയ കേസിൽ നാലാം പ്രതിയും പിടിയിലായി. റാന്നി ചെറുകോൽ മുരിപ്പേൽ വീട്ടിൽ ഷിനു (34) ആണ് കനകക്കുന്ന് പൊലീസിന്റെ പിടിയിലായത്. കോഴഞ്ചേരി നാരങ്ങാനം കാണമുക്ക് ജംഗ്ഷനിൽ നിന്ന് ഇന്നലെ രാവിലെ 5 മണിയോടെയാണ് ഇയാൾ പിടിയിലായത്.

ഈ കേസിൽ ഹരീഷ്, ഷഹീർ, മണികണ്ഠൻ എന്നിവരെ തൃശൂരിൽ നിന്നും രണ്ടാഴ്ച മുൻപ് പിടികൂടിയിരുന്നു. ഒക്ടോബർ 23നായിരുന്നു കേസിനാസ്പദമായ സംഭവം . ഹരിപ്പാട് റേഞ്ചിൽ നിന്നുള്ള എക്സൈസ് ഉദ്യോഗസ്ഥർ ആണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് മുതുകുളം തെക്ക് മണ്ണാരേത്ത് സജീവന്റെ വീട്ടിൽ വീട്ടിൽ റെയ്ഡ് നടത്തിയശേഷം ഇവിടെ നിന്നും 11000 രൂപയും, സ്വർണ്ണമാലയും, 12000രൂപ വില വരുന്ന മൊബൈൽ ഫോണും കവർന്ന് കടന്നുകളയുകയായിരുന്നു. ആലുവയിൽ പെയിന്റിംഗ് തൊഴിലാളി ആയ ഷിനു ട്രെയിനിൽ കായംകുളം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് മറ്റുള്ള പ്രതികളുമായി പരിചയപ്പെടുന്നത്. തങ്ങൾ എക്‌സൈസ് ഉദ്യോഗസ്ഥർ ആണെന്ന് ഷിനുവിനെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇവർ ഷിനുവിനെ തട്ടിപ്പിന് കൂടെ കൂടിയതെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ ജി.സുരേഷ്‌കുമാർ, സി.പി.ഒ മാരായ പത്മരാജൻ, സബീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.