ഹരിപ്പാട്: പമ്പാതീരത്തെ പൊതു കുളിക്കടവുകളും ബോട്ടു ജെട്ടികളും ചെളി കയറി മൂടി ഉപയോഗിക്കാനാവാത്ത അവസ്ഥയിൽ . മഹാപ്രളയത്തിൽ
ടൺ കണക്കിന് എക്കലും,മണലുമാണ് പമ്പയാറ്റിൽ കുമിഞ്ഞുകൂടിയത്. വീയപുരത്തു നിന്ന് മാന്നാർ വരെ ഏഴ് ബോട്ടു ജെട്ടികളും നൂറിലധികം പൊതുക്കടവുകളും എക്കലും ചെളിയും കയറി മൂടി. ഒരു കാലത്ത് സജീവമായ കുളിക്കടവുകളായിരുന്നു ഇവ. ജെട്ടികൾ ഉപയോഗിക്കാതായതോടെ ഇവ വ്യക്തികൾ കൈക്കലാക്കി. ആലപ്പുഴ നിന്നു മാന്നാറിലേക്കുണ്ടായിരുന്ന ബോട്ട് സർവീസ് നിലച്ചതോടെയാണ് ഇവയുടെ പ്രാധാന്യം ഇല്ലാതായത്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലായിരുന്ന ഇവയുടെ സംരക്ഷണം പഞ്ചായത്തുകൾ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാണ്. വീയപൂരം, മാന്നാർ, നിരണം, കടപ്ര പഞ്ചായത്തുകളുടെ പരിധിയിലാണ് ഇവ . ബോട്ടു ജെട്ടികളോട് ചേർന്നു കിടക്കുന്ന പുറമ്പോക്ക് വ്യക്തികൾ കൈയേറുകയും ചെയ്തു. വീയപുരം ഇരതോട്, തേവേരി കറുകയിൽ, പുന്നമ്മൂട്ടിൽ പടി, തേവേർക്കുഴി, ഇളമത, കൂര്യത്ത് കടവ് എന്നീ ജെട്ടികളാണ് വീയപുരം - മാന്നാർ ബോട്ടു സർവീസിനുള്ളത്. ഇവയുടെ സംരക്ഷണം ആവശ്യപ്പെട്ട് നാട്ടുകാർ അധികൃതർക്ക് പല തവണ നിവേദനം നൽകിയെങ്കിലും ഫലം കണ്ടില്ല. ഇവയോട് ചേർന്ന കുളിക്കടവുകൾ കരിങ്കൽ ഭിത്തി കെട്ടി സംരക്ഷിക്കണമെന്നാണ് ആവശ്യം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പണം അനുവദിച്ചാൽ ഇവ സംരക്ഷിക്കാൻ കഴിയുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.ജെട്ടികളിൽ പലതും കടത്തു കടവുകൾ കൂടിയാണ്. കാട് കയറിതോടെ കടത്തുവള്ളങ്ങൾക്ക് കരയിലേക്ക് അടുക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നു. ഇരതോട്, കൂര്യത്ത് കടവ്, ഇളമത എന്നിവിടങ്ങളിലെ കടവുകൾ തീർത്തും ജീർണാവസ്ഥയിലാണ്.