പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് ഒൻപതാം വാർഡിൽ ജില്ലാ പഞ്ചായത്തിന്റെ 35 ലക്ഷം മുടക്കി നിർമ്മിച്ച പകൽ വീട് കുടുപിടിക്കുന്നു. നിർമ്മാണം പൂർത്തിയായി മൂന്നു വർഷത്തോളമായിട്ടും തുറന്ന് പ്രവർത്തിപ്പിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.
2013-14ൽ ജില്ലാ പഞ്ചായത്ത് അനുവദിച്ച തുകയാണ് നിർമ്മാണത്തിനു് മുടക്കിയത്. നിലവിൽ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലാണ് പകൽ വീട് കെട്ടിടവും ഇത് നിൽക്കുന്ന സ്ഥലവും. ഗ്രാമപഞ്ചായത്തിന് കൈമാറിയാൽ മാത്രമേ തുറന്ന് പ്രവർത്തിപ്പിക്കാനാകൂ. ഇതിനുള്ള നടപടികൾ നീങ്ങുന്നില്ല. പ്രദേശത്തെ ഒരു ട്രസ്റ്റിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ഏഴ് സെന്റ് സ്ഥലം പകൽ വീട് നിർമ്മിക്കുന്നതിന് ജില്ലാ പഞ്ചായത്തിന് നൽകുകയായിരുന്നു. പ്രവർത്തന അവകാശം ട്രസ്റ്റിന് കൈമാറാമെന്ന് പറഞ്ഞതിനാലാണ് സ്ഥലം നൽകിയതെന്ന് ട്രസ്റ്റ് ഭാരവാഹികൾ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രാദേശിക സംഘടനകൾക്കോ ട്രസ്റ്റുകൾക്കോ സർക്കാർ സ്ഥാപനം കൈമാറാൻ ചട്ടങ്ങൾ അനുവദിക്കുന്നില്ലെന്നാണ് ജില്ലാ പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.
പകൽ വീട് കെട്ടിടത്തിന് പഞ്ചായത്ത് നമ്പർ നൽകിയിട്ടില്ല. നിലം നികത്തിയ സ്ഥലത്ത് കെട്ടിടം നിർമ്മിച്ചതാണ് നമ്പർ നൽകുന്നതിന് തടസമായി നിൽക്കുന്നത്. തണ്ണീർത്തട സംരക്ഷണ നിയമവും വിലങ്ങുതടിയായി. കെട്ടിട നമ്പർ ഇല്ലാത്തതിനാൽ വൈദ്യുതിയും കുടിവെള്ളവും ലഭിക്കില്ല. ഫലത്തിൽ സർക്കാരിന്റെ 35 ലക്ഷം മുടക്കി ആധുനിക സംവിധാനത്തോടെ നിർമ്മിച്ച പകൽ വീട് തെരുവുനായ്ക്കളുടെയും ഇഴജന്തുക്കളുടെയും സാമൂഹ്യ വിരുദ്ധരുടെയും വിഹാരകേന്ദ്രമായി.